തന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ രേഖ വ്യാജമാണെന്ന് ആവർത്തിച്ച് തമിഴ് നാട് ധന മന്ത്രി പളനിവേൽ ത്യാഗരാജൻ. .ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകൻ ശബരീശനും അഴിമതി നടത്തിയതായി പറയുന്ന ശബ്ദരേഖയുടെ രണ്ടാം ഭാഗം അണ്ണാമലൈ ഇന്നലെ പുറത്തുവിട്ടിരുന്നു.ഇതിന് പിന്നിൽ ഡിഎംകെയ്ക്ക് ഉള്ളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ബ്ലാക് മെയിൽ സംഘമാണെന്ന് പളനിവേൽ പറഞ്ഞു.
ഇതിനിടെ ഡിഎംകെ നേതാക്കൾക്ക് ബിനാമി നിക്ഷേപമുണ്ടെന്ന് ബിജെപി ആരോപിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഓഫീസുകളിൽ മൂന്നാം ദിവസവും ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്.
സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം ശബ്ദവും ദൃശ്യങ്ങളും ഉണ്ടാക്കിയതിന്റെ മുൻ ഉദാഹരണങ്ങളടക്കം കാട്ടിയാണ് മന്ത്രിയുടെ വിശദീകരണ വീഡിയോ. സ്റ്റാലിന്റെ മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മരുമകൻ ശബരീശനും അഴിമതിക്കാരെന്ന് ആരോപിക്കുന്ന 57 സെക്കൻഡ് ശബ്ദരേഖയാണ് അണ്ണാമലൈ ഇന്നലെ പുറത്തുവിട്ടത്. ശബ്ദം പളനിവേൽ ത്യാഗരാജന്റേത് ആണെന്നാണ് ആരോപണം.

