ന്യൂഡൽഹി ∙ ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് കർണാടക സർക്കാർ. മഅദനി സ്ഥിരം കുറ്റവാളിയെന്നും ഇളവ് നൽകി കേരളത്തിൽ പോകാൻ അനുവദിക്കരുതെന്നും സുപ്രീംകോടതിയിൽ കർണാടക സർക്കാർ സത്യവാങ്മൂലം നൽകി.
സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചു. കർണാടക ഭീകരവിരുദ്ധ സെൽ അസിസ്റ്റന്റ് കമ്മിഷണർ ഡോ. സുമീത് ആണ് മഅദനിക്കെതിരെ സത്യവാങ്മൂലം നൽകിയത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികില് അനിവാര്യമാണെന്നുമാണ് മഅദനിയുടെ അപേക്ഷ. അതേസമയം കേസിൽ വിചാരണ പൂർത്തിയായെങ്കിൽ പ്രതിയായ മഅദനിയെ കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൂടെയെന്ന് സുപ്രീംകോടതി നേരത്തെ ആരാഞ്ഞിരുന്നു. തുടർന്നാണ് കർണാടക സർക്കാർ ഇതിനെതിരെ സത്യവാങ്മൂലം സമർപ്പിച്ചത്.

