ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവ്;ജനുവരി ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം
സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവ് എന്ന പരിപാടിയിലൂടെ കേരള മുഖ്യമന്ത്രി യൂണിയന്‍ പ്രതിനിധികളുമായി ആശയ വിനിമയം നടത്തുന്നതിന്റെ രണ്ടാംഘട്ടം ജനുവരി ആറിന് ഫാറൂക്ക് കോളേജില്‍ നടത്തും. രണ്ടാംഘട്ടത്തില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ കണ്ണൂര്‍, കോഴിക്കോട്, കാര്‍ഷിക, വെറ്റിനറി, മലയാളം, സംസ്‌കൃതം, കേരള കലാമണ്ഡലം സര്‍വ്വകലാശാലകളിലെ യൂണിയന്‍ പ്രതിനിധികളും അവയുടെ കീഴില്‍ വരുന്ന സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേയും യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി എന്നിവരുമാണ് പങ്കെടുക്കേണ്ടത്. അവസാന തീയതി ജനുവരി ഒന്ന് വരെ നീട്ടി. ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ http://www.collegiateedu.kerala.gov.i.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത്, പ്രിന്‍സിപ്പാലിന്റെ സാക്ഷ്യപത്രം സഹിതം leadersconclav–eclt@gmail.com എന്ന ഇമെയിലില്‍ അപേക്ഷിക്കാം. പരപാടിയില്‍ എത്തുന്ന പ്രതിനിധികള്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും കോളേജ് ഐ.ഡി കാര്‍ഡും സഹിതം എത്തണം
ബിഎല്‍ഒമാരുടെ യോഗം ചേര്‍ന്നു;ദേശീയ സമ്മതിദാന ദിനാചരണം എല്ലാ ബൂത്തുകളിലും ആചരിക്കും
ഇലക്ഷന്‍ പ്രത്യേക സമ്മറി റിവിഷന്റെ ഭാഗമായി കോഴിക്കോട് താലൂക്കിന് കീഴിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ യോഗം താലൂക്ക് കോണ്‍ഫറന്‍സ്ഹാളില്‍ നടത്തി. ജനുവരി 25ന് ദേശീയ സമ്മതിദാന ദിനാചരണം എല്ലാ ബൂത്തുകളിലും ആചരിക്കാന്‍ ബിഎല്‍ഒമാര്‍ക്ക് തഹസില്‍ദാര്‍ പി ശുഭന്‍ നിര്‍ദ്ദേശം നല്‍കി. സമ്മതിദാന നിര്‍വഹണത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ ഇത് പഴയ തലമുറക്കും പുതുതലമുറക്കും സഹായകമാകും. വോട്ടര്‍പട്ടികയില്‍ പരമാവധി പേരെ ഉള്‍പ്പെടുത്തി പട്ടിക കുറ്റമറ്റതാക്കാനുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്നും തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചുഎലത്തൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത് എന്നീ നിയോജക മണ്ഡലങ്ങളിലെ ബിഎല്‍ഒമാരാണ് തിങ്കളാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തത്. താലൂക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ജി രാജേഷ്, സെക്ഷന്‍ ക്ലര്‍ക്ക് എന്‍ സതീഷ്‌കുമാര്‍ എന്നിവരും സംസാരിച്ചു. ഇന്ന് (ഡിസംബര്‍ 31) രാവിലെ 10ന് കുന്നമംഗലം, 11.30ന് ബേപ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ ബിഎല്‍ഒമാരുടെ യോഗം താലൂക്ക് കോണ്‍ഫറന്‍സ്ഹാളില്‍ നടക്കും.
ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ഐ.സി.ഡി.എസ് പ്രൊജക്ടിലെ 116 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ താല്‍പര്യമുളള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 16 ന് ഉച്ച രണ്ട് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-2621612, 8281999298.
ഇനി ഞാന്‍ ഒഴുകട്ടെ – കൊടുവള്ളി കായങ്ങല്‍ കീപ്പൊയില്‍ തോട് ശുചീകരിച്ചു
ഹരിതകേരളം മിഷന്റെ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പായ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ ഭാഗമായി തലപ്പെരുമണ്ണയില്‍ കൊടുവള്ളി – കായങ്ങല്‍ കീപ്പൊയില്‍ തോട് ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ഷെരീഫ കണ്ണാടിപ്പൊയില്‍ ശുചീകരണം ഉദ്ഘാടനം ചെയ്തു. തോടിന്റെ ശുചീകരണ പ്രവര്‍ത്തികള്‍ കൂടുതല്‍ ജനപങ്കാളിത്തത്തോടെ, തൊഴിലുറപ്പ് പദ്ധതി സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി പൂര്‍ത്തീകരിക്കും.
ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രകാശ്, കൗണ്‍സിലര്‍മാരായ സെറീന റഫീഖ്, വിമല ഹരിദാസന്‍, കൊടുവള്ളി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ കാദര്‍, ഹരിതകേരളം മിഷന്‍ യങ് പ്രൊഫഷണല്‍ പി. എം സിനി, ഫിഷറീസ് പ്രൊമോട്ടര്‍ കെ സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി