തിരുവനന്തപുരം: വഖഫ് ബില്ലിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. വഖഫ് നിയമത്തിന് നിരക്കാത്ത പലതും ബില്ലിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു ഇമാം.
വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഭൗതിക താത്പര്യങ്ങള്‍ക്ക് വേണ്ടി അല്ല വഖഫ് ചെയ്യുന്നത്. ദാനം ചെയ്ത വസ്തുക്കളാണ് മസ്ജിദുകളും യത്തീംഖാനകളും എല്ലാം. വഖഫുകള്‍ അല്ലാഹുവിന്റെ ധനമാണ്. അത് അങ്ങേയറ്റം കൃത്യതയോടെ കൈകാര്യം ചെയ്യാനാണ് വഖഫ് നിയമം ഉള്ളത്. അത് ഭേദഗതി ചെയ്യാനാണ് ശ്രമിക്കുന്നത്. വിശ്വാസികളാണ് വഖഫ് നിയമം കൈകാര്യം ചെയ്യേണ്ടതെന്ന് ഖുര്‍ആനിലുണ്ട്. അതാണ് ഭേദഗതി ചെയ്യാന്‍ പോകുന്നത്…പാളയം ഇമാം പറഞ്ഞു. വഖഫ് നിയമത്തിന് നിരക്കാത്ത പലതും ബില്ലിലുണ്ട്. അത് പാസായി കഴിഞ്ഞാല്‍ വഖഫ് സ്വത്ത് നഷ്ടപ്പെടാന്‍ കാരണമാകും. നിലനില്‍ക്കുന്ന വഖഫ് നിയമം ഒരു ജനവിഭാഗത്തെയും ദ്രോഹിക്കുന്നതല്ല.
ഫലസ്തീന് വേണ്ടി പ്രാര്‍ഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഫലസ്തീനിലെ ഉമ്മമാരും കുഞ്ഞുങ്ങളും കരയുന്നത് നമ്മള്‍ കാണുകയാണ്. ഫലസ്തീന്‍ ജനതയുടെ രോദനമാണ്. അവരോട് ഐക്യപ്പെടാം അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.