കുന്ദമംഗലം: വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ അശ്രദ്ധയ്ക്കും മത്സര ഓട്ടത്തിനുമെതിരെ കുന്ദമംഗലം H S S പി ടി എ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലത്ത് ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ അതേ ബസിന്റെ പിൻചക്രം കയറി ഗുരുതരമായി പരുക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധ കൂട്ടായ്മ.
“അശ്രദ്ധയുടെ ചക്രങ്ങൾക്കിടയിൽ കുരുന്നുകളുടെ സ്വപ്നങ്ങൾ തകരരുത്” എന്ന സന്ദേശമുയർത്തി സ്കൂൾ പി.ടി.എ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികൾ എന്നിവർ പ്രതിഷേധത്തിൽ അണിനിരന്നു.
ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെ കുന്ദമംഗലം–മുക്കം റോഡ് ജംഗ്ഷനിൽ വെച്ചാണ് ഞെച്ചൂളി സ്വദേശിനിയായ ദിയ അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥിനി ബസിൽ നിന്ന് പൂർണമായി ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയതെന്ന് പ്രതിഷേധത്തിൽ ചൂണ്ടിക്കാട്ടി. അപകടത്തിൽ ഇരുകാലുകൾക്കും ഗുരുതരമായി പരുക്കേറ്റ ദിയ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനകം രണ്ട് ശസ്ത്രക്രിയകൾ നടത്തിയ വിദ്യാർത്ഥിനിക്ക് ഇനിയും ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കുന്നതിനും ബസുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന വിവിധ പ്രയാസങ്ങൾക്ക് പരിഹാരം കാണുന്നതിനും ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സജീത്ത് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.പി. നിധീഷ് അധ്യക്ഷത വഹിച്ചു.
ഒ. കല, എം. ബാബുമോൻ, എം.എം. സുധീഷ് കുമാർ, ഖാലിദ് കിളിമുണ്ട, ടി.പി. സുരേഷ്, പ്രവീൺ പടനിലം, എച്ച്.എം. പ്രവീണകുമാർ, ഷാജി മാസ്റ്റർ, ത്രിവിക്രമൻ സാർ, രഞ്ജിത്ത് ചാക്കോ, ഹാഫിസ് മാസ്റ്റർ, സുനിൽ മാസ്റ്റർ വടകര, പത്മനാഭൻ, ദിനേശ് മാബ്ര, ഇ.പി. അൻവർ സാദത്ത്, വി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയും അമിതവേഗവും നിയന്ത്രിക്കാൻ ശക്തമായ പരിശോധനയും നടപടികളും ഉണ്ടാകണമെന്നും പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.

