വഴി കെട്ടിയടച്ചു : കൂരങ്കല്ല് ആദിവാസി കോളനിയിലേക്ക് ദുരിത മലയാത്ര

0
785


മലപ്പുറം: ഓടക്കയം വാർഡ് വെറ്റിലപ്പാറക്കടുത്ത് കൂരങ്കല്ല് ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ ജീവിതം പുറം ലോകത്തെ ഞെട്ടിക്കുന്നത്. നടന്നു കയറാൻ റോഡില്ല, പ്രളയ കാലത്ത് ഇടിഞ്ഞു സ്വന്തം വീടിനു ഭീഷണിയായി നിൽക്കുന്ന ഭിത്തികൾ,ചോർന്നൊലിക്കുന്ന അകത്തളങ്ങൾ, പുകയാത്ത അടുപ്പുകൾ ഇതെല്ലാം ചേർന്നതാണ് കൂരങ്കൽ ആദിവാസി കോളനി.

പിഞ്ചു കുഞ്ഞുങ്ങളും വികലാംഗരും ഉൾപ്പടെ സ്വന്തം ജീവിതം എപ്പോഴും നഷ്ടപ്പെട്ടു പോയേക്കാമെന്ന ഭീതിയിൽ ആ ദുരിത ഭൂമിയിൽ ദൈവത്തിനു മുൻപിൽ സ്വയം അർപ്പിച്ച് ജീവിതം തള്ളി നീക്കുന്നവർ. ഈ കോളനിയിലേക്കുള്ള ആകെയുള്ള റോഡ് ഒരു സ്വകാര്യ വ്യക്തി അടച്ചു കെട്ടി. നിലവിൽ മണിക്കൂറുകളോളം യാത്ര ചെയ്തു വേണം കോളനിയിൽ എത്താൻ. കൂട്ടത്തിലുള്ള ആർക്കെങ്കിലും അസുഖം ബാധിച്ചെന്നാൽ നടക്കാൻ പോലും പറ്റാത്ത പാറ കെട്ടുകളിലൂടെ ദൂരങ്ങൾ താണ്ടണം കോളനി നിവാസികൾക്ക്‌, ജീവൻ തിരിച്ചു കിട്ടുമെന്നു പോലും ഉറപ്പില്ലാത്ത യാത്ര. അധികൃതരുടെ മുൻപാകെ കരഞ്ഞു പറഞ്ഞിട്ടും തങ്ങളുടെ ദുരിതങ്ങൾക്ക് യാതൊരു പരിഹാരവും കണ്ടെത്തിയില്ലായെന്ന് കണ്ണീരോടെയാണ് കോളനി നിവാസി കൃഷ്ണൻ കുട്ടി പറയുന്നത്. മൂന്ന് കുടുംബങ്ങൾ മാത്രം താമസിക്കുന്ന കോളനിയിൽ തൊഴിലുറപ്പിനു പോയി ലഭിക്കുന്ന തുക കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്.

കോളനിയിലേക്കുള്ള നിലവിലുള്ള വഴി

ആരുമില്ലാത്തവരല്ല ഇവർ, അവർക്ക് കൂടിയുള്ളതാണ് ഇവിടൊരു സർക്കാർ. ഈ വസ്തുത തിരിച്ചറിയണം അധികൃതർ. നിരവധി ആനുകൂല്യങ്ങളും സൗകര്യങ്ങളും പിന്നോക്ക വിഭാഗത്തിനായി മാറ്റിവെക്കപ്പെടുന്ന കാലത്ത് സർക്കാർ ഫയലുകളിലെ ചുവന്ന നാടയിൽ കുരുക്കിയിടാനുള്ളതല്ല ഈ ജീവിതങ്ങളൊന്നും തന്നെ. പ്രശ്ന പരിഹാരത്തിനായി അധികൃതർ ഇടപെടുമെന്ന വിശ്വാസത്തിലാണ് ഈ കുടുംബങ്ങൾ. പലതും കാണാതെ പോകുന്നവരെ മുൻപിലേക്ക് നമുക്കീ വാർത്ത എത്തിക്കാം

ഈ ദുരിത കഥ ആദ്യമായി ജനങ്ങളിൽ എത്തിച്ചത് സാമൂഹ്യ പ്രവർത്തകനായ സാലിം ജീറോഡാണ്. അദ്ദേഹവും സഹ പ്രവർത്തകരും കോളനിയിൽ നടത്തിയ സന്ദർശനത്തിനു ശേഷം ഫേസ്ബുക്കിൽ കുറിച്ച് കുറിപ്പും വിഡിയോയും ഇതോടകം ശ്രദ്ധ നേടി കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here