കോഴിക്കോട്: വിവിധ ജില്ലകളിലെ മാലിന്യസംസ്‌കരണത്തിന് സൈനിക ക്ഷേമ ഓഫീസുമായി ചേര്‍ന്ന് പുതിയ പദ്ധതി ഒരുക്കി സംസ്ഥാന ശുചിത്വ മിഷന്‍. ഇടുക്കി ജില്ലയിലെ എക്‌സ് സര്‍വീസ് മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാലിന്യസംസ്‌കരണ മേഖലയില്‍ ചെയ്യുന്ന മാതൃകാപരമായ പ്രവൃത്തികള്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എല്ലാ ജില്ലകളിലും ഖര മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കിയുള്ള യൂണിറ്റുകള്‍ സ്ഥാപിച്ച് നാടിനെ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റാന്‍ വിമുക്തഭടന്മാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി. മാലിന്യ സംസ്‌കരണത്തില്‍ താല്പര്യമുള്ള വിമുക്തഭടന്മാരുടെ സംഘടനകളുടെ യോഗം ഓഗസ്റ്റ് 3-ന് രാവിലെ 10 മുതല്‍ ഒരു മണിവരെ കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്കായുള്ള യോഗമാണ് ചേരുന്നത്.
യോഗത്തില്‍ വിമുക്തഭടന്‍മാരുടെ ജില്ലാതല സംഘടനാ പ്രതിനിധികള്‍, കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ ക്ഷേമവകുപ്പ്, ശുചിത്വമിഷന്‍ എന്നിവര്‍ പങ്കെടുക്കും.