പദ്ധതിരേഖ പ്രകാശനം ചെയ്തു ജില്ലയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ സമഗ്ര ജില്ലാ പദ്ധതി പ്രകാശനം ചെയ്തു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതിരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീലയ്ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജില്ലയിലെ മുഴുവന്‍ വകുപ്പുകളുടെയും വിദഗ്ധരുടെയും മേല്‍നോട്ടത്തില്‍ 19 ഉപസമിതികള്‍ രൂപീകരിച്ചാണ് പദ്ധതി രേഖ തയ്യാറാക്കിയത്. ജില്ലയുടെ വികസന സാധ്യതകളും വിഭവ ലഭ്യതയും വികസനത്തിനുള്ള തടസ്സങ്ങളും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലയിലെ ലഭ്യമായ വിഭവങ്ങള്‍ എങ്ങനെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താം എന്ന നിര്‍ദ്ദേശങ്ങളും ഏഴ് അധ്യായങ്ങളുള്ള പദ്ധതി രേഖയിലുണ്ട്.
ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ ചെയര്‍മാന്‍മാരും ബന്ധപ്പെട്ട വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരുമായി രൂപീകരിക്കപ്പെട്ട ഉപസമിതികളാണ് പദ്ധതി തയ്യാറാക്കിയത്. 26 വര്‍ഷത്തെ സേവനത്തിനു ശേഷ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീലയ്ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട്, കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍, ഡി പി സി സര്‍ക്കാര്‍ നോമിനി പ്രൊഫസര്‍ അബ്ദുല്‍ ലത്തീഫ്, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, ഡി പി സി അംഗങ്ങള്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.