സ്വര്‍ണക്കടത്ത് കേസില്‍ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ട എം.ശിവശങ്കറിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് കോടതി.
മൂന്ന് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ഓരോ മൂന്നുമണിക്കൂര്‍ കൂടുമ്പോഴും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആവശ്യപ്പെട്ടത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ മാത്രമാണ് ചോദ്യം ചെയ്യാന്‍ അനുമതി. അതിന് ശേഷം പൂര്‍ണ്ണ വിശ്രമം അനുവദിക്കണമെന്നും കോടതി പറഞ്ഞു.
ചോദ്യം ചെയ്യലിനു തടസ്സമാവാതെ ആയുര്‍വേദ ചികിത്സയാവാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചോദ്യം ചെയ്യലിനിടെ മനസികമായ പീഡനം ഉണ്ടാവരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശിവശങ്കറിന് അഭിഭാഷകനെയും അടുത്ത ബന്ധുക്കളെയും കാണാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഗുരുതരമായ നടുവേദനയുണ്ടെന്നും വൈദ്യസഹായം വേണമെന്നും ശിവശങ്കര്‍ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഈ നിര്‍ദ്ദേശങ്ങള്‍.