കുന്ദമംഗലം:പ്രളയ ബാധിതര്‍ക്ക് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്ദമംഗലം എ യു പി സ്‌കൂളില്‍ ക്ലാസ് 5 ല്‍ പഠിക്കുന്ന അഭിജിത്ത് മോഹന്‍ ബാലനിധിയിലെ മുഴുവന്‍ തുകയും (6600 രൂപ) കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജ വളപ്പിലിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്ന ശീര്‍ഷകത്തില്‍ ‘നാടിന്റെ ഉയര്‍ച്ചക്ക് അഭിമാനത്തോടെ ഞങ്ങളും’ എന്ന് സംസ്ഥാനത്താകെ സെപ്റ്റംബര്‍ 2 മുതല്‍ 6 വരെ സ്‌കൂളുകളില്‍ നടത്തുന്ന ധനസമാഹരണത്തിന്റെ മുന്നോടിയായാണ് ബാലനിധിയിലെ സമ്പാദ്യം കൈമാറിയത്. കേരളത്തിലാകെ പ്രളയ ബാധിതരെ സഹായിക്കാന്‍ പൊതു സമൂഹം ഒറ്റകെട്ടായി ഇറങ്ങുന്ന വാര്‍ത്തകള്‍ പ്രചോദനമായിട്ടാണ് താനും ഈവിധം പങ്കാളിയാകുന്നത് എന്ന് അഭിജിത് മോഹന്‍ സാക്ഷ്യപ്പെടുത്തുന്നു.
സ്‌കൂള്‍ പ്രധാന അദ്ധ്യാപിക എം പി ഉഷാകുമാരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി ടി എ പ്രസിഡന്റ് പി.പി.ഷിനില്‍ അധ്യക്ഷനായി.
കുന്ദമംഗലം സ്വദേശികളായ മോഹനചന്ദ്രന്‍ – ജിജ ദമ്പതികളുടെ മകനാണ് അഭിജിത്ത് മോഹന്‍.
ബീവറേജ് കോര്‍പ്പറേഷനിലെ ജീവനക്കാരനായ മോഹനചന്ദ്രന്‍ തന്റെ ശമ്പളത്തില്‍ നിന്നും മാസംപ്രതി ആയിരം രൂപ നല്‍കുന്നതിന് സമ്മതപത്രവും നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിലെ യു.ഡി ടൈപ്പിസ്റ്റ് ആണ് അമ്മ ജിജ.