സൗജന്യ കമ്പ്യൂട്ടർ പരിശീലനം
തിരുവനന്തപുരത്തെ നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ് സി/എസ് ടി നടത്തുന്ന ഒരു വർഷത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് (സൈബർ സെക്യൂർഡ് വെബ് ഡെവലപ്മെന്റ് അസോസിയേറ്റ്) അപേക്ഷ ക്ഷണിച്ചു. കെൽട്രോണിന്റെ കോഴിക്കോടുള്ള നോളേജ് സെന്ററിലാണ് കോഴ്സ് നടത്തുന്നത്. 30 വയസ്സിൽ താഴെ പ്രായമുള്ള മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ് ടു പാസ്സായ എസ് സി/എസ് ടി വിഭാഗത്തിലുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ട് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2301772, 8590605275
അഭിമുഖം
ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവിലേക്കും 2023-24 അധ്യയനവർഷം തീരുന്നത് വരെയുണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് എ ഐ സി ടി ഇ/യു ജി സി,കേരള പി എസ് സി നിർദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് മുൻപായി സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. തസ്തികകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് : www.geckkd.ac.in
അറിയിപ്പ്
ഫറോക്ക് ഇ എസ് ഐ ആശുപത്രിയുടെ പരാതി പരിഹാര സെല്ലിന്റെ യോഗം ആഗസ്റ്റ് പത്തിന് രാവിലെ 11 മണിക്ക് ആശുപത്രിയിൽ ചേരും. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ ഗുണഭോക്താക്കൾ പരാതികൾ നേരിട്ട് ബോധിപ്പിക്കുകയോ, പരാതിപെട്ടിയിൽ നിക്ഷേപിക്കുകയോ, കൺവീനർക്ക് അയക്കുകയോ, മെയിൽ ചെയ്യുകയോ ചെയ്യാവുന്നതാണെന്ന് കൺവീനർ അറിയിച്ചു. ഇ മെയിൽ വിലാസം –
204 MB.ആഗസ്റ്റ് 4, 5, 6 തിയ്യതികളിൽ തുഷാരഗിരിയിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ അന്തർദേശീയ കയാക്കിങ് മത്സരവുമായി ബന്ധപ്പെട്ട് ലിന്റോ ജോസഫ് എം. എൽ. എ നടത്തിയ പ്രസ്സ്മീറ്റ്
മുന്നൂറാം യാത്രയിലേക്ക് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ
കെ എസ് ആർ ടി സി കോഴിക്കോട് ബജറ്റ് ടൂറിസം സെൽ 300-ാം യാത്ര പൂർത്തീകരിക്കുന്നതിന്റെ ആഘോഷവും യൂണിറ്റിൽ ആരംഭിച്ച ലോജിസ്റ്റിക് ആന്റ് കൊറിയർ സർവ്വീസിന്റെ ഓഫീസ് ഉദ്ഘാടനവും നാളെ (ജൂലൈ 30) പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.
ഉച്ചക്ക് 12 മണിക്ക് കെ എസ് ആർ ടി സി ബി ഒ ടി ബസ് ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ബജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർ ബിന്ദു പി.കെ റിപ്പോർട്ട് അവതരിപ്പിക്കും. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ദിവാകരൻ, ബജറ്റ് ടൂറിസം സെൽ ചീഫ് ട്രാഫിക്ക് മാനേജർ ജേക്കബ് സാം ലോപ്പസ് തുടങ്ങിയവർ പങ്കെടുക്കും.
മലബാർ റിവർ ഫെസ്റ്റിവൽ: ആവേശമായി ക്രോസ് കൺട്രി മത്സരം
സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി നടത്തുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർഥം സംഘടിപ്പിച്ച ക്രോസ് കൺട്രി മത്സരം ആവേശമായി. പുരുഷൻമാരുടെ മത്സരം പുല്ലൂരാംപാറയിൽ നിന്നും വനിതകളുടെ മത്സരങ്ങൾ നെല്ലിപ്പൊയിലിൽ നിന്നും ആരംഭിച്ച് കോടഞ്ചേരിയിൽ സമാപിച്ചു. മത്സരത്തിൽ മുപ്പതോളം താരങ്ങൾ പങ്കെടുത്തു.
മലബാർ സ്പോർട്സ് അക്കാദമിയാണ് ക്രോസ് കൺട്രി മത്സരം സംഘടിപ്പിച്ചത്. രാവിലെ എട്ട് മണിക്ക് പുല്ലൂരാംപാറ – കോടഞ്ചേരി മലയോര ഹൈവേയിലാണ് മത്സരങ്ങൾ നടന്നത്. പുരുഷ വിഭാഗം ക്രോസ് കൺട്രി പുല്ലൂരാം പാറയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുലിക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. വനിതാ വിഭാഗം ക്രോസ് കൺട്രി നെല്ലിപ്പൊയിലിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഫ്ലാഗ് ഓഫ് ചെയ്തു.
പുരുഷ വിഭാഗത്തിൽ റോയൽ റണ്ണേഴ്സ് അംഗങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നൈജീരിയൻ താരം ഐസക് കോമർ ഒന്നാമതും നബീൽ സാഹി രണ്ടാമതും, ജോസ് ഇല്ലിക്കൽ മൂന്നാമതും ഫിനിഷ് ചെയ്തു. മുഹമ്മദ് സാഹിർ ,സൂരജ് എം .പി, അക്ഷയ് പ്രകാശ്, അജയ് ജോർജ്, ആൽബിൻ ബേബി, ധീരജ് ചന്ദ്ര, അഭിജിത്ത് കെ.കെ, ആശിഷ് രാജ്, ബെനെയ്ഹ് സംഗത്ത്, നിർമ്മൽ പി തുടങ്ങിയവർ മത്സരം പൂർത്തിയാക്കി.
വനിതാ വിഭാഗത്തിൽ സൂര്യ പി.എസ് ഒന്നാമതും, ആശ ടി.പി രണ്ടാമതും ജുവൽ ബിനു മൂന്നാമതും ഫിനിഷ് ചെയ്തു. ഡെൽന അനിൽ, ഋതു നന്ദ, ഡോണ അനിൽ, ജീനാ മറിയ, അന്നാ മരിയ ടോബി, ഷാരോൺ റോസ്, എന്നിവരും വ്യത്യസ്ഥ സമയങ്ങളിൽ മത്സരം പൂർത്തിയാക്കി.
ഒന്നാം സ്ഥാനക്കാർക്ക് 5000 രൂപ, രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപ, മൂന്നാം സ്ഥാനക്കാർക്ക് 2000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. ലിന്റോ ജോസഫ് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു.
തിരുവമ്പാടി ഗ്രാമ പഞ്ചായഞ്ഞ് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായഞ്ഞ് പ്രസിഡന്റ് അലക്സ് തോമസ്, വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, മലബാർ സ്പോർട്സ് അക്കാദമി ചെയർമാൻ പി.ടി അഗസ്റ്റിൽ, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വിദേശ കപ്പലുകൾ ഇനി നേരിട്ടെത്തും ; രാജ്യാന്തര നിലവാരത്തിലേക്ക് ബേപ്പൂർ തുറമുഖം
വിദേശ കപ്പലുകൾ അടുപ്പിക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കുന്നതിനും ബേപ്പൂർ തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ എസ് പി എസ്) സർട്ടിഫിക്കേഷൻ ലഭിച്ചതായി തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
ഐ എസ് പി എസ് കോഡ് ലഭ്യമായതോടെ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നു. അഞ്ച് വർഷത്തേക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഐ എസ് പി എസ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി എം എം ഡി നിർദേശ പ്രകാരം തുറമുഖത്ത് സുരക്ഷാ സംവിധാനങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്. തുറമുഖ അതിർത്തിക്ക് രണ്ട് മീറ്റർ ഉണ്ടായിരുന്ന ചുറ്റുമതിൽ 2.4 മീറ്ററാക്കി ഉയർത്തി അതിനു മുകളിൽ കമ്പിവേലി സ്ഥാപിച്ചു. തുറമുഖ കവാടത്തിൽ എക്സ്റേ സ്കാനിങ് സംവിധാനവും മെറ്റൽ ഡിറ്റക്ടറും സ്ഥാപിച്ചു. തുറമുഖത്തേക്ക് അടുക്കുന്ന കപ്പലുകളും ചെറു വെസലുകളും തിരിച്ചറിയാൻ ഓട്ടോമാറ്റിക് റഡാർ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വാർഫിലും മറ്റും ആധുനിക വാർത്താവിനിമയ സംവിധാനം ഒരുക്കിയതിനൊപ്പം തുറമുഖത്തെ മുഖ്യ കവാടവും പാസഞ്ചർ ഗേറ്റും പുനർ നിർമ്മിക്കുകയും ചെയ്തു.
മർക്കന്റൈയിൽ ചട്ടപ്രകാരം ഐ എസ് പി എസ് കോഡിൽ ഉൾപ്പെടുന്ന തുറമുഖങ്ങളിൽ മാത്രമേ വിദേശ കപ്പലുകൾ അടുപ്പിക്കാൻ അനുമതിയുള്ളൂ. കോഡ് ലഭിച്ചതോടെ വിദേശ കാർഗോ -പാസഞ്ചർ കപ്പലുകൾക്ക് ബേപ്പൂരിലേക്ക് നേരിട്ട് വരാൻ വഴിയൊരുങ്ങി. മാത്രമല്ല രാജ്യാന്തര യുണീക്ക് ഐഡന്റിറ്റി നമ്പർ ലഭിക്കുന്ന മലബാറിലെ പ്രധാന തുറമുഖമായി ബേപ്പൂർ മാറി. വലിയ കപ്പലുകൾക്ക് ബേപ്പൂർ തീരത്ത് എത്തുന്നതിനായി ഡ്രഡ്ജിംഗ് പ്രവർത്തനം നടന്നുവരുന്നുണ്ട്.
പി.എൻ.എക്‌സ്. 3505/2023
കീം 2023 – അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2023 ലെ മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളിൽ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ജൂലൈ 25ന് പ്രസിദ്ധീകരിച്ച താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് ജൂലൈ 26 ഉച്ചക്ക് 3 മണിവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ലഭിച്ച സാധുവായ പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയത്.
വിദ്യാർഥികൾക്ക് ‘KEAM 2023 – Candidate Portal’ ലെ ‘Final Category List’ എന്ന മെനു ഐറ്റം ക്ലിക് ചെയ്ത് കാറ്റഗറി ലിസ്റ്റ് കാണാം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
പി.എൻ.എക്‌സ്. 3506/2023
എം.ഡി.എസ് കോഴ്സ് പ്രവേശനം
കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലും സ്വാശ്രയ ദന്തൽ കോളേജുകളിലും ലഭ്യമായ സീറ്റുകളിൽ 2023-24 അധ്യയന വർഷത്തെ പി.ജി. ദന്തൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം ഓഗസ്റ്റ് അഞ്ചിനു വൈകിട്ട് നാലു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ‘PG Dental 2023 – Candidate Portal’ എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകുന്നതാണ്.
അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം പ്രൊഫൈൽ പേജിൽ ലഭ്യമായ ‘Memo details’ എന്ന മെനു ഐറ്റം ക്ലിക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ അപ്ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റുകളോ അനുബന്ധരേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
