കൊച്ചി: ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹാരിസിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സമാന സാഹചര്യമാണ് ഉളളതെന്നും വി ഡി സതീശന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ സര്‍ജിക്കല്‍ ഉപകരണങ്ങളില്ലെന്നും രോഗി തന്നെ ഉപകരണങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രം ശസ്ത്രക്രിയ എന്ന സ്ഥിതിയാണുളളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കാലത്തും പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യമാണിത്. ആരോഗ്യ പദ്ധതികളെല്ലാം നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കാനുളളത് കോടികളാണ്. വീണാ ജോര്‍ജ്ജ് പറഞ്ഞത് റിപ്പോര്‍ട്ട് തേടുമെന്നാണ്. നിരുത്തരവാദപരമായ മറുപടിയായിരുന്നു അത്. ആരോഗ്യമന്ത്രി ആയതിനുശേഷം അവര്‍ റിപ്പോര്‍ട്ട് തേടിയ സംഭവങ്ങള്‍ പരിശോധിക്കണം. പി ആര്‍ വര്‍ക്കല്ല യഥാര്‍ത്ഥ ആരോഗ്യ കേരളം. ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനാണ്’- വി ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുകയാണെന്നും അത് തടയാനുളള സംവിധാനങ്ങള്‍ സര്‍ക്കാരിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡിന് ശേഷം മരണനിരക്ക് വര്‍ധിച്ചു. സര്‍ക്കാരിന്റെ കയ്യില്‍ ഇതുസംബന്ധിച്ച ഒരു ഡാറ്റയുമില്ല. മന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത് മറ്റാരോ ആണ്. കേരളത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിലാണ്’- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.