ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മൂന്ന് മരണം. 10 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ജഗന്നാഥ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുവെച്ച് രഥങ്ങള്‍ ഒരുമിച്ച് വന്ന സമയത്താണ് അപകടമുണ്ടായത്.
ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. രഥങ്ങള്‍ എത്തിയതോടെ നൂറുകണക്കിന് ഭക്തര്‍ പ്രാര്‍ത്ഥിക്കാനായെത്തി. ഇതോടെ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. മൂന്ന് ഭക്തരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. രണ്ട് വനിതകളും 70 വയസുള്ള ഒരു വയോധികനുമാണ് മരിച്ചത്. സ്ഥലത്ത് തിരക്ക് നിയന്ത്രിക്കാനുളള മതിയായ സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ട് ദിവസം മുന്‍പും രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 500ലേറെ പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. എല്ലാ വര്‍ഷവും ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന പുരി രഥയാത്രയില്‍ പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിച്ചേരാറുള്ളത്. വന്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സായുധ പൊലീസ് സേനയുടേതുള്‍പ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിരുന്നു.