ജില്ലയിലെ തകർന്ന ഗ്രാമീണ റോഡുകൾ പുനർ നിർമിക്കുന്നതിന് 101 കോടി രൂപ അനുവദിച്ചതായി തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെറിയ റോഡുകൾ കോൺക്രീറ്റ് ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ലൈഫ് ഭവനപദ്ധതി താക്കോൽദാനവും കൂട്ടാലിടയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സഹകരണത്തോടെ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നാല് മിഷനുകളിലായി നടത്തിയ പ്രവർത്തനത്തിലൂടെ കേരളം പല മേഖലകളിലും ഒന്നാംസ്ഥാനത്തെത്തി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 4.35 കോടി രൂപ ചെലവഴിച്ച് 270 വീടുകളാണ് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടൂർ പഞ്ചായത്തിൽ നിർമ്മിച്ചു നൽകിയത്.
ചടങ്ങിൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ കാറങ്ങോട്ട് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി കൂട്ടാലിട കൂരാച്ചുണ്ട് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവഹിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ബാലൻ, സ്ഥിരം സമിതി അംഗങ്ങളായ വി.ഉഷ, വിലാസിനി കൊരോങ്ങിൽ, വിലാസിനി എം.കെ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജ എൻ.ടി, പി എൻ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

