കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്ത മൂന്നുപേര്‍ക്കും ബന്ധമില്ലെന്ന് പൊലീസ്. ശ്രീവല്ലത്ത് കണ്ടെത്തിയ കാര്‍ സിസിടിവി ദൃശ്യങ്ങളിലുള്ള കാര്‍ അല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സംശയാസ്പദമായി കണ്ട ഒരു കാറിന്റെ നമ്പര്‍ പൊലീസ് ലഭിച്ചിരുന്നു. ഇത് പൗഡിക്കോണം സ്വദേശിയുടെ കാര്‍ ആണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ ബന്ധപ്പെട്ടു. എന്നാല്‍ കാര്‍ വാഷിംഗ് സെന്ററില്‍ ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. എന്നാല്‍ കാര്‍ കണ്ടെത്താനായില്ല. തുടര്‍ന്നാണ് സ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ ഈ കാര്‍ സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളതല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധമില്ലെങ്കിലും സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ പണം സംബന്ധിച്ച് ഉടമയ്ക്ക് വിശദീകരണം നല്‍കേണ്ടി വരും.
അതേസമയം പൈസ ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛനെ വിളിച്ച സ്ത്രീയുടേത് തെക്കന്‍ ഭാഷ ശൈലിയാണെന്ന വിലയിരുത്തലില്‍ തെക്കന്‍ ജില്ലകളില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിലാകെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ വിളിച്ചറിയിക്കാന്‍ നിര്‍ദേശമുണ്ട്.