ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ ഇഡിക്ക് അനുമതി. മുന്‍ മന്ത്രി മനീഷ് സിസോദിയയെ വിചാരണ ചെയ്യാനും ഇഡി അനുമതി നല്‍കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വികെ സക്സേന അനുമതി നല്‍കിയതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഡല്‍ഹി തെരഞ്ഞെുടുപ്പ് അടുത്ത മാസം അഞ്ചിന് നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എഎപി നേതാക്കള്‍ മുഴുകിയിരിക്കെയാണ് കേസില്‍ വിചാരണ തുടങ്ങാനൊരുങ്ങുന്നതും. ഫലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങളെ ഇത് കാര്യമായി ബാധിക്കും.
പൊതുപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുമ്പ് ഇഡി മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കഴിഞ്ഞ നവംബറിലെ ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ അന്വേഷണ ഏജന്‍സി വി.കെ സക്സേനയ്ക്ക് കത്തെഴുതി. അഴിമതിയുടെ കേന്ദ്രവും പ്രധാന സൂത്രധാരനും കെജ്രിവാള്‍ ആയതിനാല്‍ അനുമതി നല്‍കണമെന്നാണ് ഇഡി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്.
2021-22ലെ ഡല്‍ഹി മദ്യ നയം രൂപീകരിക്കുന്നതില്‍ ക്രമക്കേട് നടത്തിയെന്നാണ് കെജ്രിവാളിനെതിരായ കേസ്. കെജ്രിവാളും മറ്റ് എഎപി നേതാക്കളും ചേര്‍ന്ന് മദ്യലോബികളില്‍ നിന്ന് പണം സ്വീകരിക്കുന്നതിനായി നയത്തില്‍ ബോധപൂര്‍വം പഴുതുകള്‍ സൃഷ്ടിച്ചുവെന്നാണ് ആരോപണം.