കൊല്ലം ഓയൂരിൽ നിന്ന് കാണാതായ ആറു വയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്താൻ രംഗത്തിറങ്ങാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും യൂത്ത് കോൺഗ്രസും. കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ ഡിവൈഎഫ്‌ഐ പ്രവർത്തകരും അടിയന്തിരമായി രംഗത്തിറങ്ങണമെന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോട് കൂടി പ്രദേശത്തെ ആളൊഴിഞ്ഞ ഇടങ്ങളിലും മറ്റ് പ്രദേശങ്ങളിലും തിരച്ചിൽ നടത്തണം. വിവരം ലഭിച്ചാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് വികെ സനോജ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്.സാറ റെജിയെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടത്. ‘തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കിയടക്കമുള്ള ജില്ലകളിലെ സഹപ്രവർത്തകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. അബിഗേൽ സാറ മോളെ കണ്ടെത്തുവാനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കുവാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവരവരുടെ പ്രദേശങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കുക. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, വിജനമായ പ്രദേശങ്ങൾ, വഴികൾ, സംശയാസ്പദമായ വാഹനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി പൊലീസിനെ വിവരം അറിയിക്കണ’മെന്നാണ് രാഹുൽ ആവശ്യപ്പെട്ടത്.അതേസമയം, ആറു വയസുകാരിയെ കാറിൽ തട്ടിക്കൊണ്ടു പോകുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആറു വയസുകാരി അബിഗേൽ സാറ റെജിയെ കാറിലേക്ക് വലിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹോദരനെയും വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് ഒരാൾ നോക്കി നിൽക്കുന്നതും സിസി ടിവി ദൃശ്യങ്ങളിൽ കാണാം. പ്രദേശവാസിയെന്ന് സംശയിക്കപ്പെടുന്ന ഏകദേശം 50 വയസ് പ്രായമുള്ള ഒരു വ്യക്തിയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരങ്ങൾ.അതേസമയം തട്ടിക്കൊണ്ടുപോയത് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് സൂചന. രണ്ട് മൂന്ന് ദിവസമായി ഒരു കാർ പ്രദേശത്ത് കണ്ടിരുന്നുവെന്ന് അയൽവാസി സുനിത പറഞ്ഞു. അത്ര കാര്യമാക്കിയില്ല. അയൽവീടുകളിലെ ആരുടെയെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്ന് കരുതിയെന്നും അയൽവാസി പറഞ്ഞു. ഇന്നലെ വൈകുന്നേരം 4.15നാണ് സംഭവം നടക്കുന്നത്. 100 മീറ്റർ അകലെ നിന്ന് കുട്ടിയുടെ നിലവിളി കേട്ടാണ് ഓടിച്ചെന്നത്. ആൺകുട്ടി നിലവിളിച്ചുകൊണ്ട് പറഞ്ഞത് അനിയത്തിയെ കൊണ്ടുപോയെന്നാണ്. വെള്ളക്കാറിലാണ് കൊണ്ടുപോയതെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ ഡ്രസ് കീറിയിട്ടുണ്ടായിരുന്നു. അപ്പോഴേക്കും കുട്ടിയുടെ അമ്മൂമ്മ ഓടിവന്നു. എന്നും കളിച്ചു ചിരിച്ച് കുട്ടികൾ ഈ വഴിയാണ് പോകാറുള്ളതെന്നും അയൽവാസി പറഞ്ഞു.ഒരു കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും അതത്ര കാര്യമായെടുത്തില്ലെന്നാണ് അബിഗേൽ സാറയുടെ അമ്മൂമ്മ പറയുന്നത്. നേരത്തെയും ഒരു കാർ വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടു പേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാതിരുന്നതെന്ന് അമ്മൂമ്മ പറഞ്ഞു.