ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയതെന്ന് പിണറായി വിജയൻ. ഗുരുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ ഉറച്ച നിലപാടെടുത്ത ഗുരു, ‘സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനുമുള്ള’ ആഹ്വാനത്തിലൂടെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് വലിയ വഴികാട്ടിയായി മാറിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അരുവിപ്പുറത്തെ പ്രതിഷ്ഠ മുതൽ വിദ്യാഭ്യാസത്തിനും വ്യവസായത്തിനും സ്വാശ്രയത്വത്തിനും നൽകിയ ഊന്നൽ വരെ ഗുരുവിന്റെ ഓരോ ഇടപെടലും ജാതിയിൽ അധിഷ്ഠിതമായ അധികാരഘടനകളെ ചോദ്യം ചെയ്യുന്നതായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതുന്നതിനൊപ്പം അറിവും അധ്വാനവും ആത്മാഭിമാനവും അടിസ്ഥാനമാക്കിയ ഒരു പുതിയ സമൂഹത്തെയാണ് അദ്ദേഹം വിഭാവനം ചെയ്തത്. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്ന എല്ലാ വിഭാഗീയ ചിന്തകൾക്കും അതീതമായ മാനവികതയുടെ പ്രഖ്യാപനമായിരുന്നു ഗുരുവിന്റെ സന്ദേശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ജാതീയതയും വർഗീയതയും സമൂഹത്തിൽ പുതിയ രൂപങ്ങളിൽ തലപൊക്കുകയും മതനിരപേക്ഷത വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുരുവിന്റെ ദർശനങ്ങൾക്ക് പ്രസക്തിയേറെയാണ്. വിദ്വേഷ-വിഭജന രാഷ്ട്രീയത്തിന്റെ മതിലുകളെ തകർത്തു മുന്നേറാനുള്ള കരുത്തായി ഗുരുവിന്റെ ദർശനങ്ങളും പോരാട്ട ചരിത്രവും നമുക്കൊപ്പമുണ്ട്. ജാതി-മത വേർതിരിവുകൾക്കതീതമായി മനുഷ്യർ സഹോദരതുല്യമായി ജീവിക്കുന്ന ഒരു സമൂഹമെന്ന ഗുരുവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഈ ചതയദിനം പുതിയ ഊർജം പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

