
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മൂന്ന് വർഷത്തേക്കുള്ള പാസ്പോർട്ട് ലഭിച്ചു. എതിർപ്പില്ലാ രേഖ (എൻഒസി) ഡൽഹി റോസ് അവന്യു കോടതി നൽകിയതോടെയാണ് പുതിയ പാസ്പോർട്ട് ലഭിച്ചത്. കാലാവധി കഴിഞ്ഞാൽ പാസ്പോർട്ട് പുതുക്കാൻ രാഹുൽ വീണ്ടും കോടതിയെ സമീപിക്കണം. 10 വർഷത്തേക്ക് എൻഒസി നൽകണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.
എന്നാൽ, രാഹുൽ വിദേശത്തേക്കു പോകുന്നതു നാഷനൽ ഹെറാൾഡ് കേസിന്റെ തുടർ നടപടികളെ ബാധിക്കുമെന്നു കേസിലെ പരാതിക്കാരനായ സുബ്രഹ്മണ്യൻ സ്വാമി എതിർപ്പറിയിച്ചിരുന്നു. ലോക്സഭാംഗത്വം നഷ്ടമായതിനെ തുടർന്ന് രാഹുൽ തന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് സറണ്ടർ ചെയ്തു.
ഇതിനു പകരം സാധാരണ പാസ്പോർട്ട് ലഭിക്കാൻ എൻഒസി തേടിയാണ് രാഹുൽ കോടതിയെ സമീപിച്ചത്. രാഹുലിനെതിരായ നാഷനൽ ഹെറാൾഡ് കേസ് നിലനിൽക്കുന്നതിനാലാണിത്. കേസിൽ നേരത്തെ ജാമ്യം അനുവദിക്കുമ്പോൾ പാസ്പോർട്ടുമായി ബന്ധപ്പെട്ട വ്യവസ്ഥയില്ലെന്നും അതുകൊണ്ട് തന്നെ എൻഒസി അനുവദിക്കുന്നതിനു തടസ്സം ഇല്ലെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു.
‘മോദി വിരുദ്ധ’ പരാമർശക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായത്. തിങ്കളാഴ്ച രാഹുൽ ഗാന്ധി യുഎസിലേക്കു പോകുമെന്നാണ് റിപ്പോർട്ടുകൾ. വാഷിങ്ടൻ ഡിസി, ന്യൂയോർക്ക്, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിലെ സർവകലാശാലാ വിദ്യാർഥികളുമായി രാഹുൽ സംവദിക്കും. വിവിധ മേഖലകളിൽ നിന്നുള്ളവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.