ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി സാനിയ മിർസ. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടു നിൽക്കാൻ കഴിയാത്ത കാഴ്ചയാണ് ഇതെന്ന് സാനിയ പ്രതികരിച്ചു. പല കുറി രാജ്യത്തിനുവേണ്ടി വിജയം നേടിയ താരങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സമയമാണ് ഇതെന്നും സാനിയ മിർസ വ്യക്തമാക്കി.
ഇതിനിടെ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയും രംഗത്തുവന്നു. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. നിഷ്പക്ഷവും സുതാര്യവുമായി വിഷയം കൈകാര്യം ചെയ്യണം. നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് നീരജ് ചോപ്ര ആവശ്യപ്പെട്ടു. ഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് പറഞ്ഞ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പി ടി ഉഷക്കെതിരെ ഗുസ്തി താരങ്ങൾ രംഗത്തുവന്നിരുന്നു.

