വയനാട്: അയോധ്യ രാമക്ഷേത്രത്തില്‍ നടന്നത് വന്‍ അഴിമതിയെന്ന് പ്രിയങ്ക ഗാന്ധി എംപി. രാമക്ഷേത്രത്തിന് സംഭാവന നല്‍കാന്‍ ആഹ്വാനം നല്‍കിയ രാഷ്ട്രീയ നേതാക്കള്‍ ഉത്തരം പറയണമെന്നും അഴിമതിയില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘രാമക്ഷേത്ര സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. സംഭാവന നല്‍കാന്‍ ഉത്തരവിട്ട രാഷ്ട്രീയ നേതാക്കള്‍ സംഭവത്തില്‍ ഉത്തരം പറയണം. അവര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. വളരെ പാവപ്പെട്ടവരായ സ്ത്രീകള്‍ പോലും രാമക്ഷേത്രത്തിനായി സംഭാവന നല്‍കുകയുണ്ടായി. കൃത്യമായ അന്വേഷണം നടക്കണം.’ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
വിശ്വാസികളായ പലരും നല്‍കിയ സംഭാവനയാണ് മോഷ്ടിക്കപ്പെട്ടത്. സംഭാവന പിരിച്ചെങ്കില്‍ തുടര്‍ന്നുണ്ടായ ക്രമക്കേടിലും ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. വയനാട് മണ്ഡലം സന്ദര്‍ശിക്കുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
അതേസമയം ഭണ്ഡാരക്കൊള്ള കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപയാണ് എസ്ഐടി പിടിച്ചെടുത്തത്. കേസിലെ എട്ട് പ്രതികളെ റിമാന്‍ഡില്‍ വിടുകയും ചെയ്തു. രാമശങ്കര്‍ യാദവ് എന്ന ടിന്നു യാദവ്, അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ്, രാമശങ്കര്‍ മിശ്ര, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിലെ പ്രതികള്‍.
തട്ടിപ്പില്‍ ആരോപണ വിധേയനായതോടെ ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി രാജിവെച്ചിരുന്നു. ട്രസ്റ്റ് അംഗം അനില്‍ മിശ്രയും സ്ഥാനമൊഴിഞ്ഞു. വിഎച്ച്പി ഉപാധ്യക്ഷന്‍ കൂടിയായ ചമ്പത് റായിയുടെ സഹായിയെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

