ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്കായെങ്കിലും ജീവിത ശൈലി രോഗങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന പ്രവണത ഏറിവരികയാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. നവകേരള മിഷൻ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ചാലിയം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവിത ശൈലി രോഗങ്ങൾക്ക് വേണ്ടത്ര പരിഗണന ആരംഭത്തിൽ തന്നെ നൽകിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാതെ നോക്കാം.
മിക്കവരും രോഗം മൂർച്ചിച്ച് അവസാനഘട്ടത്തിലാണ് ചികിത്സ തേടുന്നത്. രക്തസമ്മർദ്ദവും, പ്രമേഹവും, കൊളസ്‌ട്രോളും ഇടക്കിടെ പരിശോധിച്ച് നിയന്ത്രണ വിധേയമാണോ എന്ന് നോക്കാൻ മറക്കരുതെന്ന് മന്ത്രി പറഞ്ഞു. മഴക്കാലത്ത് പകർച്ചവ്യാധികൾ ഉണ്ടാവാതിരിക്കാൻ വാർഡുകൾ കേന്ദ്രീകരിച്ച് ആരോഗ്യ സേനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കോഴിക്കോട് ജില്ലക്ക് ലഭിച്ച കനിവ് 108 ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി നിർവ്വഹിച്ചു.
ജില്ലയിൽ 31 കനിവ് 108 ആംബുലൻസ് ആണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ നിലവിൽ 16 എണ്ണം പ്രവർത്തന സജ്ജമാണ്. ബേസിക് ലൈഫ് സപ്പോർട്ടാടുകൂടിയതാണ് ഈ ആംബുലൻസ്.
അപകടം ഉണ്ടായ സ്ഥലത്ത് നിന്നും രോഗിയെ വിദഗ്ധമായി ആശുപത്രികളിൽ എത്തിക്കാൻ കനിവ് 108 നാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ കൊയിലാണ്ടി, മെഡിക്കൽ കോളേജ്, രാമനാട്ടുകര ഫറോക്ക്, തിരുവങ്ങൂർ, പേരാമ്പ്ര, മുക്കം, അഴിയൂർ, ചങ്ങരോത്ത്, മടപ്പള്ളി, വടകര, കുറ്റ്യാടി, താമരശ്ശേരി, നാദാപുരം, വളയം, കോടഞ്ചേരി എന്നിവിടങ്ങളിലാണ് നിലവിൽ ആംബുലൻസ് സേവനം ലഭ്യമാവുക. പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ടെക്നിഷ്യനും ആംബുലൻസ് പൈലറ്റും ആംബുലൻസിലുണ്ടാവും. ഇവർ 15 മിനിറ്റിനുള്ളിൽ അപകടസ്ഥലത്ത് എത്തി രോഗിക്ക് വേണ്ട പ്രാഥമിക ചികിത്സ നൽകി ഉടനടി ആശുപത്രിയിൽ എത്തിക്കും.
ചാലിയം സ്വദേശി ടി കെ എം കോയയുടെ സ്മരണാർത്ഥം ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോയ ആൻഡ് കമ്പനി 1.25 കോടി രൂപ ചെലവഴിച്ചാണ് ആരോഗ്യ കേന്ദ്രത്തിനു കെട്ടിടം നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ വി കെ സി മമ്മദ് കോയ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മുഖ്യാതിഥിയായിരുന്നു. ടി കെ എം കോയ കമ്പനി എംഡി ടി കെ സലീം വിശിഷ്ടാതിഥിയായി.
ആധുനിക ലൈബ്രറി, എല്ലാ ദിവസവും ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക്, കൗമാര ആരോഗ്യ കൗൺസലിംഗ്, വയോജനങ്ങൾക്കുള പ്രത്യേക ക്ലിനിക് , കുത്തിവെപ്പ് കേന്ദ്രം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ലിഫ്റ്റ്, ഓഡിറ്റോറിയം, വായനാമുറി, കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. സമ്പൂർണ കമ്പ്യൂട്ടർ വൽക്കരണം നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.
തീരദേശ മേഖലയിലെ കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം വികെസി മമ്മദ് കോയ എം എൽ എ യുടെ ഇടപെടലിനെ തുടർന്നാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ദിവസവും മൂന്ന് ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാകും. നിലവിൽ 2 മണി വരെ പ്രവർത്തിക്കുന്ന ഒപി ഇനി മുതൽ വൈകിട്ട് 6 മണി വരെ പ്രവർത്തിക്കുന്നതും തീരദേശ വാസികൾക്ക് ആശ്വാസകരമാവും. മത്സ്യത്തൊഴിലാളികളുടെ സൗകര്യം കണക്കിലെടുത്താണ് ഒ പി സമയ ക്രമീകരണം നടത്തിയത്.