കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ( സെപ്റ്റംബർ 26) കൊല്ലം ജില്ലയിലെത്തും. ഉച്ചയ്ക്ക് ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ മാർഗം എത്തുന്ന അദ്ദേഹം, 1.45 മുതൽ 3.30 വരെ കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാ കർഷക വർഷാചരണത്തിന്റെ ഭാഗമായുള്ള ‘സഹകരണത്തിലൂടെ സമൃദ്ധി’ പരിപാടിയിൽ പങ്കെടുക്കും. ജില്ലയിലെ സഹകരണ മേഖലയിൽ സ്ത്രീകൾ നേതൃത്വം നൽകുന്ന പുതിയ സംരംഭത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. തുടർന്ന് മാതാ അമൃതാനന്ദമയി മഠത്തിലേക്ക് അദ്ദേഹം തിരിക്കും.
അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം നഗരത്തിലെത്തി അദ്ദേഹം മടങ്ങിപ്പോകുന്നതുവരെ വിവിധ റോഡുകളിൽ ഈ നിയന്ത്രണം തുടരും. കൊല്ലം ആശ്രാമം മൈതാനത്തുനിന്നും ആരംഭിച്ചു കടപ്പാക്കട, കല്ലുംതാഴം, കരിക്കോട്, കേരളപുരം, ഇളമ്പള്ളൂർ, കുണ്ടറ മുക്കട, ആശുപത്രി മുക്ക്, പള്ളിമുക്ക്, പുന്നത്തടം വഴി മുളവന പവിത്രം കൺവെൻഷൻ സെന്റർ വരെയുള്ള റോഡിൽ ഈ സമയത്ത് ഇരുവശത്തേക്കും വാഹനഗതാഗതം പൂർണ്ണമായി അനുവദിക്കില്ല.
വൈകീട്ട് നാല് മണിയോടെ ആശ്രാമം ഹെലിപ്പാഡിൽ നിന്നും ഹെലികോപ്റ്ററിൽ വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി, വൈകീട്ട് 5.45 വരെ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങുകളിൽ സംബന്ധിക്കും. സുരക്ഷയുടെയും യാത്രാക്രമീകരണങ്ങളുടെയും ഭാഗമായാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

