കലക്‌ട്രേറ്റിലും വിവിധ വകുപ്പുകളിലും അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷകളില്‍ തീരുമാനമാവുന്നതിനും യാതൊരു വിധത്തിലുള്ള കാലതാമസമോ തടസ്സമോ ഉണ്ടാവരുതെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു പറഞ്ഞു. ഇ-ഓഫീസിന്റെ ഭാഗമായുളള, അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ഇ- ആപ്‌ളിക്കേഷന്‍ കാര്യക്ഷമമായും സുതാര്യവുമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ വകുപ്പിലെ മുഴുവന്‍ ഓഫീസുകളും മറ്റ് ഓഫീസുകളും ഉള്‍പ്പടെ 28 ഓഫീസുകളിലാണ് ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത്. നാല് താലൂക്ക്, മുഴുവന്‍ വില്ലേജ് ഓഫീസുകള്‍, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ്, ഫിഷറീസ്, ഇറിഗേഷന്‍, പട്ടികജാതി വികസന ഓഫീസ് തുടങ്ങിയ ഇടങ്ങളിലാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. അപേക്ഷയിന്‍മേലുള്ള മറുപടിയും ഓണ്‍ലൈനായി ലഭിക്കും. ഓഫീസുകള്‍ കയറി ഇറങ്ങാതെയും അവസരം കാത്ത് നില്‍ക്കാതെയും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്നതാണ് ഇ-ഓഫീസിന്റെ ഗുണം. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ രൂപകല്‍പന ചെയ്ത http://eoffice.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇ-ഗവേണന്‍സിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്‍മാര്‍ക്ക് സൗകര്യപ്രദമായും സുതാര്യവും സമയബന്ധിതമായും ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യോഗത്തില്‍ ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ മെഴ്‌സി സെബാസ്റ്റ്യന്‍, ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.