ടെലഗ്രാം ആപ്ലിക്കേഷന്‍ സഹസ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ് പാരിസില്‍ അറസ്റ്റില്‍. പാരിസിലെ ബര്‍ഗെറ്റ് വിമാനത്താവളത്തില്‍ വെച്ചാണ് പാവേല്‍ അറസ്റ്റിലാവുന്നത്. ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ പ്രാഥമികാന്വേഷണം നടക്കുന്ന കേസിലാണ് അറസ്റ്റെന്നാണ് സൂചന. ഞായറാഴ്ച കോടതിയില്‍ ഹാജരാവാനിരിക്കെയാണ് പെട്ടെന്നുള്ള അറസ്റ്റ്.
ഫോബ്സ് പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം 15.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഈ മുപ്പത്തിയൊമ്പതുകാരനുള്ളത്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവും പവേലിനുണ്ട്. നിലവില്‍ ദുബൈയില്‍ താമസക്കാരനാണ് ഇയാള്‍. ടെലഗ്രാമിന്റെ ആസ്ഥാനവും ഇവിടെ തന്നെയാണ്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രാന്‍സിലെ ഏജന്‍സിയായ ഒഎഫ്എംഐഎന്‍ ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടതെന്നാണ് സൂചന.