സിബ്ഗത്തുള്ള എം
ചീഫ് എഡിറ്റർ
ജനശബ്ദം
നാളെ കാർഗിൽ യുദ്ധത്തിൽ വീര രക്തസാക്ഷി അനുസ്മരണദിനം. ജന്മനാടിനായി ജീവൻ നൽകിയ പോരാളികളുടെ ത്യാഗത്തെയും സേവനത്തെയും ആദരിക്കുന്ന ദിനം. കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തിൽ രക്തസാക്ഷിയായവരെ അനുസ്മരിക്കാൻ രാജ്യമെങ്ങും ഒരുങ്ങിക്കഴിഞ്ഞു.
1999ൽ കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്.
പ്രതീക്ഷിക്കാതെ കടന്നുവന്ന ശത്രുക്കളെ ഒന്നടങ്കം തകർത്തെറിഞ്ഞ കാർഗിൽ യുദ്ധ വിജയത്തിന് നാളെ 24 വയസ്സ് തികയുമ്പോഴും തന്റെ പിതാവ് രക്തസാക്ഷിയായ വേദനയിൽ കുതിർന്ന ഓർമ്മകൾ ഇന്നും അലതല്ലുകയാണ് ചാത്തമംഗലം സ്വദേശിയായ അരുണിന്.
അരുണിന്റെ പിതാവ് എം മോഹൻദാസ് 1999ൽ യുദ്ധഭൂമിയിൽ വീരചരമം പ്രാപിക്കുമ്പോൾ അദ്ദേഹത്തിന് 12 വയസായിരുന്നു പ്രായം. സൈനിക ബഹുമതികൾ ഏറ്റുവാങ്ങി ആയിരങ്ങളെ സാക്ഷിയാക്കി മണ്ണിലേക്ക് യാത്രയാകുന്ന പിതാവിന്റെ ചിതക്ക് വിറയ്ക്കുന്ന കൈകളോടെ തീ കൊളുത്തിയത് ഇന്നും ആ മകന്റെ മനസ്സിൽ മായാത്ത ഓർമ്മയായി നിലനിൽക്കുന്നു.
അരുൺ അന്ന് നവജ്യോതിയിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം. സഹോദരി ഒമ്പതാം ക്ലാസ്സിലും. പിതാവ് അപകടം പറ്റി കാഷ്വാവലിറ്റിയിലാണെന്ന വിവരവുമായി അപ്രതീക്ഷമായി വീട്ടിലേക്ക് വന്ന ആ ഫോൺ വിളി ഇന്നും അരുണിന്റെ കാതിൽ മുഴങ്ങുന്നുണ്ട്. അന്ന് ഇന്നത്തെ പോലെ വാർത്താ വിനിമയ സംവിധാനമില്ലാത്തത് കൊണ്ടും കാര്യങ്ങൾ കൃത്യമായി അറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് അച്ഛന്റെ മരണ വാർത്ത എത്തിയത്.
ചെറു പ്രായത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ടത് തീരാ വേദനയാണെങ്കിലും രാജ്യത്തിന്റെ രക്ഷക്കായി പ്രവർത്തിച്ച ധീര ജവാന്റെ സൈനികന്റെ മകനാണെന്നതിൽ അഭിമാനം കൊള്ളുകയാണ് ആ മകൻ. പക്ഷെ, പിതാവ് രക്തസാക്ഷിയായ ആ മണ്ണിൽ കാലുകുത്താൻ അതിയായ ആഗ്രഹം അരുണിനിന്നും ബാക്കിയാണെന്ന് മാത്രം.
പിതാവണിഞ്ഞ സൈനിക വേഷം തന്നെ അത്രക്ക് സ്വാധീനിച്ചിരുന്നതായും അത് അണിയണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അരുൺ പറയുന്നു. കോളേജ് പഠന കാലത്ത് എൻസിസി കേഡറ്റ് ആയി, 2007ൽ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുകയും ചെയ്തു. പിന്നീട്
പഠന ശേഷം എസ് ബി ഐ ബാങ്കിന്റെ എൻ ഐ ടി ബ്രാഞ്ചിൽ ജോലി ലഭിക്കുകയും നാട്ടിൽ തന്നെ ഉണ്ടാവേണ്ട സാഹചര്യം കാരണം മനസ്സില്ലാ മനസ്സോടെ ആ ജോലി തിരഞ്ഞെടുക്കുകയും ചെയ്യുകയായിരുന്നുവെന്നും അരുൺ വ്യക്തമാക്കി.
ജോലിയിൽ പ്രവേശിച്ചുവെങ്കിലും തന്റെ മോഹം കെടാതെ ഉള്ളിൽ കിടന്നിരുന്നു. അങ്ങനെയിരിക്കെയാണ് ടെറിറ്റോറിയൽ ആർമിയിൽ ഓഫീസർ ആയി ചേരാൻ സിവിലിയൻസിനും അവസരമുണ്ടെന്നറിഞ്ഞത്. അതിനായി അപേക്ഷിക്കാൻ ബാങ്കിന്റെ എൻ ഒ സി വേണമെന്നിരിക്കെ അതിനായി ശ്രമിക്കുകയും ലഭിക്കാത്തതിനാൽ അപേക്ഷിക്കാൻ സാധിക്കാതെ വരികയുമായിരുന്നു. ഇപ്പോഴും ബാങ്കിന്റെ എൻ ഒ സി ലഭിക്കും എന്ന പ്രതീക്ഷയിൽ അരുൺ കാത്തിരിക്കുകയാണ്. തന്നെ അത്രമേൽ മോഹിപ്പിച്ച ആ സൈനിക വേഷം അണിയാൻ മാത്രം.

