ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20,000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കും: ധനമന്ത്രി

0
73

ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20,000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ധനകാര്യ – കയര്‍ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കരിക്കാട് തോടിന്റെ പുനരുജ്ജീവന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വരാനിരിക്കുന്നത് സര്‍വതോന്മുഖമായ മാറ്റത്തിന്റെ വര്‍ഷമായിരിക്കും. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. അത്തരം വികസന പ്രവര്‍ത്തനങ്ങളില്‍ റോഡ് വൃത്തിയാക്കല്‍ പോലെ പ്രധാനപ്പെട്ടതാണ് തോട് വൃത്തിയാക്കലും. ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനു സര്‍ക്കാറിനൊപ്പം പഞ്ചായത്തുകളും പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തുകള്‍ക്കു കീഴിലുള്ള മുഴുവന്‍ തോടുകളും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ചെളി വാരി വൃത്തിയാക്കുന്നതിനൊപ്പം തോടിന്റെ ഭിത്തിയെ കയര്‍ ഭൂവസ്ത്രം കെട്ടി സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ മേഖലയില്‍ ഉച്ചഭക്ഷണത്തിനായി ആരും ബുദ്ധിമുട്ടരുത്. ഇതിനായി പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ഉച്ചഭക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ പഞ്ചായത്തിലെ മൂന്നു കേന്ദ്രങ്ങളില്‍ ഉച്ചഭക്ഷണകേന്ദ്രങ്ങള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്ന് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ്‌കുമാര്‍ പറഞ്ഞു.
ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ പദ്ധതിപ്രകാരം 88 ലക്ഷം രൂപയാണ് തോട് നവീകരണത്തിനായി മാറ്റിവച്ചിരിക്കുന്നത്.
ചടങ്ങില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി. പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല പുരുഷോത്തമന്‍, സന്ധ്യാ ബെന്നി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ. രമണന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ബി. സുര, തുടങ്ങിയവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here