മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

0
369
Aardram - The Mission to Transform Kerala's Public Health - Ad by  ArogyaKeralam Wayanad - YouTube

212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ ഉത്തരവ്.

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 14, കൊല്ലം 12, പത്തനംതിട്ട 13, ആലപ്പുഴ 8, കോട്ടയം 17, ഇടുക്കി 12, എറണാകുളം 23, തൃശൂര്‍ 15, പാലക്കാട് 18, മലപ്പുറം 29, കോഴിക്കോട് 14, വയനാട് 6, കണ്ണൂര്‍ 21, കാസര്‍ഗോഡ് 10 എന്നിങ്ങനെയാണ് ജില്ലകളില്‍ കുടുംബാരോഗ്യ കേന്ദ്രം അനുവദിച്ചത്. ആര്‍ദ്രം മിഷന്റെ ഭാഗമായി ഈ പ്രാമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോള്‍ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയരുന്നതാണ്. ഇതോടെ സംസ്ഥാനത്ത് എല്ലായിടത്തും തൊട്ടടുത്ത സ്ഥലത്ത് പ്രാഥമിക തലത്തില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തില്‍ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അതില്‍ 461 കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവര്‍ത്തനമാരംഭിച്ചു. ബാക്കിയുള്ളവ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. ഇതു കൂടാതെയാണ് ആര്‍ദ്രം മിഷന്റെ മൂന്നാംഘട്ടത്തില്‍ ബാക്കിയുള്ള 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.

പ്രവര്‍ത്തന സമയവും സേവന ഘടകങ്ങളും വര്‍ധിപ്പിച്ചുകൊണ്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ഒ.പി. സമയം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെയാക്കും. എല്ലായിടത്തും ആധുനിക ലബോറട്ടികള്‍, പ്രീ ചെക്ക് കൗണ്‍സിലിംഗ്, എന്‍സിഡി ക്ലിനിക്കുകള്‍, തുടങ്ങിയവയും വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ (യോഗ, വെല്‍നസ് സെന്റര്‍) എന്നിവയും ഏര്‍പ്പെടുത്തി. ദീര്‍ഘകാല ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധം, നിയന്ത്രണം, പുനരധിവാസം തുടങ്ങിയവ ലക്ഷ്യമിട്ടു കൊണ്ടുള്ള ശ്വാസ് പദ്ധതി, വിഷാദ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ആശ്വാസം പദ്ധതി എന്നിവയും നടപ്പിലാക്കും. പഞ്ചായത്തിലെ മുഴുവന്‍ പൗരന്‍മാരുടേയും മാനസികവും ശാരീരികവുമായ ആരോഗ്യ സുസ്ഥിരത ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതിന്റെ ഗുണഫലം ഈ കോവിഡ് കാലത്ത് കേരളം ഏറെ അനുഭവിക്കുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്ക് നമുക്ക് പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞത് നമ്മുടെ ശക്തമായ ആരോഗ്യ അടിത്തറയാണ്. സാധാരണക്കാരന് വീട്ടിന് തൊട്ടടുത്ത് ഏറ്റവും നല്ല പ്രാഥമിക ചികിത്സ ഉറപ്പാക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ. രാജ്യത്തെ തന്നെ ആദ്യത്തെ 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നമ്മൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാണെന്നത് നമുക്ക് അഭിമാനത്തോടെ പറയാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here