information

കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ ചുറ്റുമതിലും കവാടവും ഇന്ന് (ഒക്ടോബര്‍ 24) ഉച്ചക്ക് ഒരു മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പുതുതായി ഉദ്ഘാടനം കഴിഞ്ഞ ആറ് നില കെട്ടിടത്തിന് മുന്നിലായാണ് കവാടം നിര്‍മ്മിച്ചിരിക്കുന്നത്. ആശുപത്രിയുടെ മുഴുവന്‍ ചുറ്റുമതിലും പുതുക്കിപ്പണിതിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവൃത്തി നടത്തിയത്. കെ. ദാസന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് ചുറ്റുമതിലും കവാടവും നിര്‍മിച്ചത്.

കേളപ്പജി സ്മാരക കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ഇന്ന്

മൂടാടി ഗ്രാമപഞ്ചായത്തിലെ കേളപ്പജി സ്മാരക പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 24) രാവിലെ 12 മണിക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ മുരളീധരന്‍ എം.പി മുഖ്യാതിഥിയാവും. പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന കേന്ദ്രത്തിന്റെ വികസനത്തിന് മൂടാടി ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികളിലൂടെയും നാട്ടുകാരുടെ സംഭാവനകളിലൂടെയുമാണ് തുക സംഭരിച്ചത്. എ.സി ഷണ്‍മുഖദാസ് ആരോഗ്യമന്ത്രിയായിരിക്കെ പ്രത്യേക ഘടകപദ്ധതി പ്രകാരം (എസ്.സി.പി സ്‌കീം) മൂടാടി ഹില്‍ബസാറിലെ കേളപ്പജി ഗ്രാംദാന്‍ കോളനിയ്ക്ക് അനുവദിച്ച പ്രാഥമികാരോഗ്യ കേന്ദ്രമാണ് മൂടാടിയിലേത്. കെ. കേളപ്പന്റെ പേരില്‍ ആശുപത്രി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഒരേക്കറിലധികം സ്ഥലം കേരള സര്‍വ്വോദയസംഘമാണ് സൗജന്യമായി അനുവദിച്ചത്. ഒ. പി. സംവിധാനം, ഫാര്‍മസി, മെഡിക്കല്‍ സ്റ്റോര്‍, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, പൊതുജനാരോഗ്യം, പാലിയേറ്റീവ് പരിചരണം, ജീവിത ശൈലീ രോഗ നിര്‍ണയ ക്യാമ്പുകള്‍, ക്ലാസുകള്‍, നേത്ര പരിശോധന, സ്‌കൂള്‍ ആരോഗ്യപദ്ധതി, ആരോഗ്യ ബോധവല്‍ക്കരണം, മാനസികരോഗ്യക്ലിനിക്ക് എന്നിവയും സ്ഥാപനത്തില്‍ മികച്ച രീതിയില്‍ നടന്നുവരുന്നുണ്ട്. ആരോഗ്യമേഖലയിലെ മികവുറ്റ പ്രവര്‍ത്തനത്തിന് കായകല്പ അവാര്‍ഡും KASH അക്രഡിറ്റേഷനും സ്ഥാപനത്തിന് ലഭിച്ചു.

വടകര ജില്ലാ ആശുപത്രി കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന്

വടകര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനവും ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനവും ഇന്ന് (ഒക്ടോബര്‍ 24) രാവിലെ 9.30 ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. സി കെ നാണു എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം പി മുഖ്യാതിഥിയാകും. 13.70 കോടി രൂപ ചെലവില്‍ ആറു നില കെട്ടിടമാണ് പുതുതായി നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടത്തില്‍ 100 കിടക്കകള്‍ക്കുള്ള സൗകര്യം, മെറ്റേണിറ്റി വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ഐസിയു, കുട്ടികളുടെ വാര്‍ഡ്, മേജര്‍- മിനി ഓപ്പറേഷന്‍ തിയറ്ററുകള്‍, കാഷ്വാലിറ്റി, എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവയുണ്ടാകും. ഊരാളുങ്കല്‍ ലേബര്‍ കോട്രാക്റ്റ് സൊസൈറ്റിക്കാണ് നിര്‍മാണചുമതല.

ജില്ലാ കലക്ടറുടെ ഒപ്പം ഇന്ന്

കോഴിക്കോട് ജില്ലയിലെപഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന
ജില്ലാ കലക്ടറുടെ ഒപ്പം പരിപാടി അരിക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ ഇന്ന് (ഒക്ടോബര്‍ 24) ഉച്ചയ്ക്ക് ഒരു മണി മുതല്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം 25ന്

കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പുതുതായി നിര്‍മ്മിച്ച കെട്ടിടം ഫിഷറീസ് & ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടി അമ്മ നാളെ (ഒക്ടോബര്‍ 25) വൈകീട്ട് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും. കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ മുരളീധരന്‍ എം.പി മുഖ്യാതിഥിയാവും.
മത്സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് 3.75 കോടി രൂപ ചെലവില്‍ പുതിയ അക്കാഡമിക് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 1532 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന പുതിയ അക്കാഡമിക് ബ്ലോക്കില്‍ ഒന്‍പത് ക്ലാസ്സ് മുറികള്‍, ഏഴ് ലാബുകള്‍, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താലോലം 2019 മന്ത്രി ടി. പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

വന്ധ്യത ചികിത്സ രംഗത്ത് പ്രശസ്തിയാര്‍ജ്ജിച്ച ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജിലെ താലോലം 2019 മൂന്നാം കുടുംബസംഗമവും വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ നാലാം വാര്‍ഷികവും മന്ത്രി ടി. പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഇന്‍ ഹോമിയോപതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 26 ന് രാവിലെ 9.30 നാണ് പരിപാടി. ചടങ്ങില്‍ പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം. പി മുഖ്യപ്രഭാഷണം നടത്തും. വന്ധ്യതാ നിവാരണ പദ്ധതിയായ താലോലം വഴി ജനിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ചടങ്ങില്‍ അഭിനന്ദിക്കും. ജില്ലാ കലക്ടര്‍ സാംബശിവ റാവു, വാര്‍ഡ് കൗണ്‍സിലര്‍ കെ. സി ശോഭിത, പ്രിന്‍സിപ്പാള്‍ ഡോ.അബ്ദുള്‍ ഹമീദ്.പി, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ഗീത ജോസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സര്‍ട്ടിഫിക്കറ്റ് നഷ്ടമായവര്‍ക്ക് അദാലത്ത് 25 ന്

സംസ്ഥാന ഐ.ടി. മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് അദാലത്ത് നാളെ (ഒക്ടോബര്‍ 25) ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. രാവിലെ 11 മണിമുതല്‍ വൈകീട്ട് 5 മണി വരെയാണ് അദാലത്ത്.
പ്രകൃതി ദുരന്തത്തില്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ് സംബന്ധമായ രേഖകള്‍, പഞ്ചായത്തുമായി ബന്ധപ്പെട്ട ജനന-മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ വകുപ്പ്, എസ്.എസ്.എല്‍.സി, പ്ലസ്ടു തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ നഷ്ടമായവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍, കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിറ്റിസണ്‍ കാള്‍ സെന്റര്‍ നമ്പറായ 0471155300 ല്‍ ബന്ധപ്പെട്ട് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് അദാലത്തിലൂടെ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാനുള്ള അവസരം. പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.

ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയില്‍
സൗജന്യ യോഗ ക്യാമ്പ്

കോഴിക്കോട് ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയില്‍ 10 ദിവസത്തെ സൗജന്യ യോഗ ക്യാമ്പ് നടത്തും. നവംബര്‍ 10 മുതല്‍ 19 വരെ രാവിലെ 10 മണിക്ക്, യോഗ – പ്രകൃതി ചികിത്സാ യൂണിറ്റിന്റെ കീഴില്‍ 50 വയസ്സിന് മുകളില്‍ പ്രായമുളള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായാണ് ക്യാമ്പ്. ഫോണ്‍: 8075258044.

ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയില്‍ മെഡിറ്റേഷന്‍ ക്ലാസ്സ്

കോഴിക്കോട് ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയില്‍ യോഗ – പ്രകൃതി ചികിത്സാ യൂണിറ്റിന്റെ കീഴില്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും രാവിലെ 11 മണിക്ക് മെഡിറ്റേഷന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075258044.

മണ്‍പാത്ര നിര്‍മ്മാണ വ്യവസായ വികസനം;
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മണ്‍പാത്ര നിര്‍മ്മാണ വിപണന യൂണിറ്റുകളില്‍ നിന്ന് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനം, ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, ആധുനികവല്‍ക്കരണം, വിപണന സാധ്യതകളുടെ പരിപോഷണം എന്നിവ ലക്ഷ്യമാക്കി കോര്‍പ്പറേഷന്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, വിവിധ സ്രോതസുകളില്‍ നിന്നുളള ധനസഹായവും സാങ്കേതിക സഹായവും പ്രയോജനപ്പെടുത്തികൊണ്ടുളള യന്ത്രവല്‍ക്കരണം/പൂത്തന്‍ വിപണന സംവിധാനങ്ങള്‍ എന്നി പ്രയോജനം ലഭ്യമാക്കുന്നതിനായാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തുന്നത്. നിലവില്‍ നിര്‍മ്മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ/ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോം www.keralapottery.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ അഞ്ചിനകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, രണ്ടാംനില, അയ്യങ്കാളിഭവന്‍, കവടിയാര്‍ പി.ഒ, കനകനഗര്‍, വെളളയമ്പലം, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ ലഭിക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് 0471 2727010, 9947038770.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!