തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ചിപ്സൺ ഏവിയേഷന് രേഖകൾ പുറത്ത്. 19 ലക്ഷം രൂപയിലേറെ രൂപ അടച്ചെന്നാണ് രേഖയിൽ. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ ജെ ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കേളചന്ദ്ര ഏവിയേഷൻ. ഈ വിമാനം പറത്തുന്നതിനുള്ള ചുമതല ചിപ്സൺ ഏവിയേഷനാണ്. സർക്കാരിന് കഴിഞ്ഞ 3 വർഷം ഹെലികോപ്റ്റർ സേവനം നൽകിയ ചിപ്സൺ ഏവിയേഷൻ കരാർ പുതുക്കി വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്ര.
ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ വിവാദ യാത്രയുടെ വിവരങ്ങൾ പുറത്തുവന്നത്. മുഖ്യമന്ത്രി വി. ഡി. സതീശൻ മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരിലേക്ക് നടത്തിയ സ്വകാര്യ ചാർട്ടേർഡ് വിമാനയാത്രയാണ് വലിയ രാഷ്ട്രീയ വിവാദമായത്. സ്പോൺസേഡ് യാത്രകൾ തുടരുമെന്ന വി ഡി സതീശന്റെ പ്രതികരണത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കോൺഗ്രസിനുള്ളിലും അതൃപ്തി പുകയുന്നുണ്ട്.
മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേർഡ് വിമാന യാത്ര, മന്ത്രിമാരുടെ വിദേശ യാത്ര, കെ.എം ഷാജിയുടെ ആഡംബര കാറിലെ യാത്ര അങ്ങനെ വിവാദമായ യാത്രകൾ പ്രതിപക്ഷം രാഷ്ട്രീയ വിമർശനമായി ഉയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മറുപടി എത്തിയത്. പിണറായി വിജയൻ നടത്തിയ യാത്രകളെ ചാരിയായിരുന്നു വി.ഡി സതീശന്റെ വിശദീകരണം. ഇതോടെ പ്രതിപക്ഷം വീണ്ടും വിമർശനവുമായി രംഗത്തെത്തി. അഴിമതിയുടെയും ധൂർത്തിന്റെയും പ്രതിരൂപമായി സർക്കാർ മാറിയെന്ന് കുറ്റപ്പെടുത്തൽ.

