ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടുമായി വീണ്ടും സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ആരോപണം തെളിഞ്ഞാൽ നടപടിയെടുക്കുമെന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്ന് അവകാശപ്പെടുന്ന മന്ത്രി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ് എന്നാണ് വിശദീകരിക്കുന്നത്.രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് ശനിയാഴ്ച രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലും സജി ചെറിയാൻ സ്വീകരിച്ചത്. ആരോപണങ്ങളുടെ വസ്തുത പരിശോധിക്കേണ്ടതുണ്ടെന്നും ആക്ഷേപത്തിൽ കേസെടുക്കില്ലെന്നും പറഞ്ഞ മന്ത്രി, പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും പറഞ്ഞു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍. നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ തീരുമാനത്തിൽ എത്താൻ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു. മീഡിയ വഴി ഉന്നയിച്ച മൊഴിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ സജി ചെറിയാന്‍, രഞ്ജിത്ത് അത് നിഷേധിച്ചില്ലേയെന്നും ചോദിച്ചു.പരാതി നൽകിയാൽ ഏത് ഉന്നത ആണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പരാതിയിലെ വസ്തുത അന്വേഷിക്കേണ്ടത് പൊലീസാണ്. ആരോപണം ഉയർന്നപ്പോള്‍ രഞ്ജിത്ത് മറുപടി പറഞ്ഞു. ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് സർക്കാരിന്റെ മുന്നിലുള്ളത്. ഇക്കാര്യത്തില്‍ പരാതി വന്നാൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു. ആരോപണത്തിൽ കേസെടുത്താൽ അത് നിലനിൽക്കില്ലെന്നും പരാതി തന്നാൽ മാത്രമേ നടപടി സ്വീകരിക്കൂ എന്നുമാണ് മന്ത്രിയുടെ നിലപാട്. രഞ്ജിത്തുമായി താൻ സംസാരിച്ചോ എന്ന് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. അതേസമയം നടിയുടെ ആരോപണത്തിന് കഴിഞ്ഞ ദിവസം രഞ്ജിത്ത് നൽകിയ വിശദീകരണം നടി തള്ളിയിരുന്നു. സിനിമയുടെ ഓഡിഷന് വേണ്ടിയാണ് ശ്രീലേഖ മിത്രയെ വിളിച്ചിരുന്നുവെന്നും കഥാപാത്രത്തിന് ചേരാത്തതിനാൽ മടക്കിയയച്ചുവെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാൽ ഇത് നടി നിഷേധിച്ചു. താൻ കേരളത്തിൽ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തിൽ അഭിനയിക്കാൻ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ ആവർത്തിച്ചു. ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. പക്ഷേ പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാൻ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാൻ തയാറായാൽ പരാതിയുമായി മുന്നോട്ട് പോകും. സംഭവിച്ചത് തെറ്റായി എന്നെങ്കിലും രഞ്ജിത്ത് പറയണമെന്നും അവർ ആവർത്തിച്ചു.