തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. എല്ലാ കാലത്തും ഇങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കും. എരിവും പുളിയുമൊക്കെ വേണ്ടേ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നടന്റെ പ്രതികരണം. ഇതില്‍ സിനിമക്കാര്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും എന്നാല്‍, പരാതിയില്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമായിരിക്കുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
ഞാന്‍ ആരുടെയും വാതിലില്‍ മുട്ടിയിട്ടില്ല. വിഷയത്തില്‍ കൂടുതലൊന്നും അറിയില്ല. എന്തെങ്കിലുമൊക്കെ പറയേണ്ടേ. അതുകൊണ്ടാണ് പ്രതികരിച്ചത്. സംസാരിച്ചില്ലെങ്കില്‍ മിണ്ടാതെ പോയി എന്നു പറയും. റിപ്പോര്‍ട്ടില്‍ വേണ്ടത് സര്‍ക്കാര്‍ ചെയ്യുമായിരിക്കും. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് ഏതു മേഖലയിലാണെങ്കിലും നടപടി ആവശ്യമാണ്. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തില്‍, തനിക്കു മലയാളി നടികളെ പോലും അറിയില്ലെന്നായിരുന്നു ഇന്ദ്രന്‍സ് പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയുമെല്ലാം പേരില്‍ എന്തെങ്കിലുമൊക്കെ പറയാമല്ലോ. നേതൃസ്ഥാനത്തുനില്‍ക്കുന്നവരെ കുറിച്ച് വിരല്‍ചൂണ്ടുമ്പോഴല്ലേ പെട്ടെന്നു അറിയപ്പെടുക എന്നു പറഞ്ഞ അദ്ദേഹം, പരാതികളില്‍ നടപടിയുണ്ടാകുമെന്നാണു ശുഭപ്രതീക്ഷയെന്നും വ്യക്തമാക്കി.