കോഴിക്കോട് : കേരളം കണ്ട ഏറ്റവും വലിയ പ്രളയം. ജീവനും , ജീവൻ പോലെ കൊണ്ട് നടന്ന സമ്പത്തും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായ നിമിഷം ഇന്നും ഈ ജനതയുടെ കൺ മുന്പിലുണ്ട്. പ്രളയത്തിൽ കോഴിക്കോട് കൂമ്പാറയിൽ കല്‍പിനിയിലെ തയ്യില്‍തൊടി പ്രകാശന്റെയും മകന്റെയും ജീവന്‍ മലവെള്ളപ്പാച്ചില്‍ നിഷ്‌കരുണം പറിച്ചുകൊണ്ടു പോയ സമയത്ത് അവരെയും കാത്തു നിന്ന ടുട്ടുവെന്ന വളർത്തു നായയെ കുറിച്ചുള്ള വാർത്ത പത്ര മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു തുടർന്ന് 8 കുടുംബങ്ങൾക്കുള്ള പുനരധി വാസവും വർത്തയോടെ ലഭ്യമായിരുന്നു. ഇന്നും തന്റെ യജമാനന്റെ കുടുംബത്തിന് ഒരു കാവലായി അവൻ ഇവിടെയുണ്ട്.
വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി പണി തീരാത്ത ആ വീടിന് കാവലായി അവൻ പുറത്തുണ്ട് . ഈ വാർത്ത തന്റെ ഫേസ് ബുക്കിലെ കുറിപ്പിലൂടെ ജനങ്ങളിൽ എത്തിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ സാലിം ജീറോഡ് . ടുട്ടുവിനെ കുറിച്ചുള്ള വാർത്ത പുറത്ത് കൊണ്ട് വന്നതും ഇദ്ദേഹമായിരുന്നു . പ്രളയാനന്തരം സ്വന്തം കിടപ്പാടം നഷ്ടപെട്ട പലർക്കും ഇപ്പോഴും വീട് ലഭ്യമായിട്ടില്ല, പുനരധിവാസം മന്ദഗതിയിലാണ് അതിനോടുള്ള വിമർശനവും അദ്ദേഹം തന്റെ കുറിപ്പിൽ കുറിക്കുന്നു
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരുവര്‍ഷത്തെ അലച്ചിലിന് ശേഷം ‘ടുട്ടു’ തിരിച്ചെത്തി…
കഴിഞ്ഞ പ്രളയവര്‍ഷത്തിലായിരുന്നല്ലോ ടുട്ടുവിന്റെ യജമാനന്‍ കൂമ്പാറ-കല്‍പിനിയിലെ തയ്യില്‍തൊടി പ്രകാശന്റെയും മകന്റെയും ജീവന്‍ മലവെള്ളപ്പാച്ചില്‍ നിഷ്‌കരുണം പറിച്ചുകൊണ്ടുപോയത്… വീട് നിശ്ശേഷം തൂത്തെറിയപ്പെട്ടു. വിലപ്പെട്ട രണ്ടുജീവനുകള്‍ മരണം വിഴുങ്ങുന്നതിന് മൂകസാക്ഷിയായിരുന്നു ടുട്ടുവെന്ന ഈ വളര്‍ത്തുനായ… സര്‍വ്വം തകര്‍ന്ന ആ വീട്ടില്‍ പട്ടിക്കൂട് മാത്രം അവശേഷിച്ചു. ഉരുള്‍പൊട്ടല്‍ കഴിഞ്ഞിട്ടും ദിവസങ്ങളോളം പുറത്തിറങ്ങാതെ, ഭക്ഷണം കഴിക്കാതെ വീട്ടുകാരെ കാത്തിരിക്കുന്ന ടുട്ടുവിന്റെ സങ്കടച്ചിത്രം നിരവധി കുടുംബങ്ങളുടെ പുനരധിവാസം സാധ്യമാക്കിയിരുന്നു.
വീട് നഷ്ടപ്പട്ട കുടുംബം മാസങ്ങളായി വാടകവീട്ടിലാണ്. മരണപ്പെട്ട പ്രകാശന്റെ ഭാര്യക്കും മക്കള്‍ക്കും സുമനസ്സുകളുടെ കാരുണ്യപ്രളയത്തില്‍ വീടുവെക്കാനുള്ള സ്ഥലം ദാനമായി കിട്ടി. അവിടെ വീടുവെച്ചുനല്‍കാനും മനുഷ്യസ്‌നേഹികള്‍ മുന്നോട്ടുവന്നു. അവരുടെ വീടുപണി പുരോഗമിക്കുന്നു. പ്രകാശന്റെ പിതാവ് തയ്യില്‍തൊടി ഗോപാലനും മാതാവും കല്‍പിനിയില്‍ വാടകവീട്ടിലായിരുന്നു.
കോടികളൊഴുക്കി അതിജീവനത്തിന്റെ ഒരുവര്‍ഷം പത്രമാധ്യമങ്ങളിലൂടെ ഈ സര്‍ക്കാര്‍ വീണ്ടും പരസ്യപ്രളയം തീര്‍ക്കുകയാണിപ്പോള്‍. വീട് പൂര്‍ണമായും തകര്‍ന്ന ഗോപാലേട്ടന് ഇതുവരെ വീട് നിര്‍മിച്ചുനല്‍കിയിട്ടില്ല. ഫണ്ട് പാസായിട്ടുണ്ടെന്ന് പറയുന്നു. ആരാണ് ഉത്തരവാദി ? ഓരോ ഫയലിലും ഒരുപാട് വിലപ്പെട്ട ജീവനുകളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും….!
സര്‍ക്കാര്‍ സഹായത്താല്‍ കഴിഞ്ഞ മാസം ഗോപാലേട്ടന്‍ 4 സെന്റ് സ്ഥലം വാങ്ങിച്ചു. ആ സ്ഥലത്ത് നാട്ടുകാര്‍ താല്‍ക്കാലിക ഷെഡ് നിര്‍മിച്ചു നല്‍കി. അവിടെ താമസം തുടങ്ങി…
ഒച്ചിനെ നാണിപ്പിക്കുന്ന വേഗത്തിലിഴയുന്ന ഫയലുകള്‍…. ചുവപ്പുനാടകള്‍ നീങ്ങി സര്‍ക്കാര്‍ വീട് നിര്‍മിച്ചുനല്‍കും എന്ന പ്രതീക്ഷയിലാണ് രോഗിയായ ഗോപാലേട്ടനും ഭാര്യയും….
ഇനി ടുട്ടുവിലേക്ക് വരാം….
പ്രളയാനന്തരം ടുട്ടു അലച്ചിലായിന്നുവെന്ന് പറഞ്ഞല്ലോ..
ഗോപാലേട്ടന്‍ വാടകവീട്ടിലായതിനാല്‍ ടുട്ടുവിനെ അങ്ങോട്ടു കൊണ്ടുപോവാനും പറ്റിയില്ല. വീട് തകര്‍ത്തെറിയപ്പെട്ടിട്ടും അവിടം വിട്ടുപോവാതെ ടുട്ടു ആ സ്ഥലത്തിന് കാവലായിരുന്നു.. അയല്‍പകത്തുള്ള ഓരോ വീടുകളില്‍ നിന്നും അവര്‍ നല്‍കുന്നത് കഴിക്കും.. ഒരു വീട്ടില്‍ നിന്ന് ആഴ്ചയിലൊരിക്കല്‍ മാത്രം ! വര്‍ഷം അങ്ങനെ കഴിഞ്ഞുകൂടി. ഇടക്കൊക്കെ ഗോപാലേട്ടന്‍ സ്വന്തം സ്ഥലത്തേക്ക് വരുമ്പോള്‍ ടുട്ടു കൂടെക്കൂടും. തൊട്ടുരുമ്മി സ്‌നേഹം പ്രകടിപ്പിക്കും.. നിലക്കാത്ത വാലിട്ടടിയായിരിക്കും പിന്നീട്. വാടകവീട് വരെ ടുട്ടു കൂടെ പോവും..
ഇപ്പോള്‍ സ്വന്തമായ സ്ഥലത്ത് ഗോപാലേട്ടനും ഭാര്യയും താല്‍ക്കലിക ഷെഡിലേക്ക് താമസം മാറി. ഇതറിഞ്ഞ ടുട്ടുവും അവിടേക്ക് തിരിച്ചെത്തിയിരിക്കുന്നു…. ഒരു പ്രളയത്തിനും വേര്‍പെടുത്താനാവാത്ത സ്‌നേഹ ബന്ധം…!
പ്രളയത്തെ അതിജീവിച്ച ടുട്ടു ഇപ്പോള്‍ ഹാപ്പിയാണ്…
-സാലിം ജീറോഡ്