ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ ഇസ്രയേലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ പ്രതിരോധ സംവിധാനം തടഞ്ഞെന്ന് ‘ടൈംസ് ഓഫ് ഇസ്രയേല്‍’ റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത്തേണ്‍ ഇസ്രയേലില്‍ അപായ സൈറണുകള്‍ മുഴങ്ങുകയാണ്. ജനങ്ങള്‍ക്ക് ഷെല്‍ട്ടറുകളില്‍ തുടരാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ ഒരുങ്ങുകയാണ്. കനത്ത തിരിച്ചടി നല്‍കാനും ടെഹ്റാന്റെ ഹൃദയഭാഗത്തേക്ക് തന്നെ ആക്രമണം അഴിച്ചുവിടാനും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സൈന്യത്തിന് ഉത്തരവിട്ടു. ‘ടെഹ്റാന്‍ കുലുങ്ങു’മെന്നാണ് ഇസ്രയേല്‍ ധനകാര്യ മന്ത്രി സ്‌മോട്‌റിച്ച് ഇറാന് മുന്നറിയിപ്പ് നല്‍കി.
അല്പസമയം മുന്‍പാണ് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് വെടിനിര്‍ത്തല്‍ അറിയിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ ഇറാന്റെ ഭാഗത്തുനിന്നും ഇറാന്‍ മാധ്യമങ്ങള്‍ അല്ലാതെ നേതാക്കള്‍ ആരും വെടിനിര്‍ത്തലിനെക്കുറിച്ച് പറഞ്ഞിരുന്നില്ല.