പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലെ പുല്ലാട് എത്തിച്ചു. ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് നാലരക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം. രഞ്ജിതയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തുന്നത്.
രാവിലെ 7 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച രഞ്ജിതയുടെ മൃതദേഹം മന്ത്രിമാരായ വി.ശിവന്‍കുട്ടിയും, ജി.ആര്‍ അനിലും ചേര്‍ന്ന് ഏറ്റുവാങ്ങി. 9.30യോടെ ജന്മനാടായ പുല്ലാട് എത്തിച്ചു. മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയായിരുന്നു രഞ്ജിത. മകന്‍ ഇന്ദുചൂഡന്‍ ഈ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വി.എന്‍ വാസവന്‍ പുതുദര്‍ശന സ്ഥലത്തെത്തി രഞ്ജിതയ്ക്ക് അന്തിമ ഉപചാരം അര്‍പ്പിച്ചു.
ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി പുല്ലാട്ടെ രണ്ടു സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. രഞ്ജിതയുടെ പൊതുദര്‍ശനം നടക്കുന്ന സമയം ദുഃഖസൂചകമായി ജംഗ്ഷനിലെ കടകള്‍ വ്യാപരികള്‍ അടച്ചിട്ടു. അപകടം നടന്നു 12 ദിവസത്തിനു ശേഷമാണ് ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി രഞ്ജിതയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചത്.