കോളപ്ര ടൂറിസം പദ്ധതിയിലെ ക്രമക്കേട് ആരോപണങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. ഏത് അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നുവെന്നും, വിജിലൻസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോളപ്ര ടൂറിസം പദ്ധതിയിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും, പദ്ധതിയിൽ സർക്കാർ നിക്ഷേപം ഇല്ലാത്തതുകൊണ്ട് തന്നെ സർക്കാരിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതമല്ല, മറിച്ച് വരുമാനത്തിന്റെ മൂന്നര ശതമാനമാണ് സർക്കാരിന് ലഭിക്കുകയെന്ന് റോഷി അഗസ്റ്റിൻ വിശദീകരിച്ചു. തന്റെ സുതാര്യമായ പൊതുപ്രവർത്തന ജീവിതത്തിന് കരിനിഴൽ വീഴ്ത്താൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടിയുടെ ക്രമക്കേട് നടന്നു എന്ന ആരോപണത്തെത്തുടർന്ന് ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സർക്കാർ അധികാരമേറ്റ് ആറാം നാളാണ് മുൻ മന്ത്രിക്ക് എതിരായ ഈ വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മുട്ടം സ്വദേശി ബേബി ജോസഫ് നൽകിയ പരാതിയിൽ, എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാർ നൽകിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിൽ റോഷി അഗസ്റ്റിന് നേരിട്ട് പങ്കുണ്ടെന്നുമാണ് ആരോപണം.

