തിരുവനന്തപുരം: ടി വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് അവരുടെ ആവശ്യപ്രകാരം. പദവിയിൽ തുടരാൻ താൽപര്യമില്ലെന്ന് അനുപമ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് തദ്ദേശ വകുപ്പിലേക്ക് മാറ്റിയത്. എന്നാൽ ടി.വി.അനുപമയെ മാറ്റണമെന്ന് എം.വി.ഡിമാരുടെ സംഘടനയും ആവശ്യപ്പെട്ടിരുന്നു. ഡി ബാലമുരളിയാണ് പുതിയ ഗതാഗത സെക്രട്ടറി.
മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് സെക്രട്ടറിയായ അനുപമയെയും മാറ്റിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയും പുതിയ നിയമനങ്ങളും സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കിയത്. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് പുതിയതായി മാറ്റിനിയമിച്ചിരിക്കുന്നത്. ഇതിനുപുറമേ ഗതാഗത വകുപ്പിലെ ഏവിയേഷൻ, മെട്രോ, റെയിൽവേ എന്നിവയുടെ മുഴുവൻ സമയ അധിക ചുമതലയും ഇവർ തുടർന്നും വഹിക്കും.
ജീവനക്കാർക്കെതിരെ അനാവശ്യമായി നടപടിയെടുക്കുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടി എം.വി.ഡിമാരുടെ സംഘടന പരാതി നൽകിയിരുന്നു. തദ്ദേശ ഭരണ സെക്രട്ടറിയുടെ അധിക ചുമതല വഹിച്ചു വരികയായിരുന്നു അനുപമ. ഇപ്പോൾ പൂർണ ചുമതല നൽകി.

