കൊളോണിയൽ സംസ്കാരം ഇപ്പോഴും പൊലീസിൽ നിലനിൽക്കുന്നുവെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. ചില ഉദ്യോഗസ്ഥർ അത്തരത്തിൽ പെരുമാറുന്നു. അച്ചക്കട നടപടിയുടെ പേരിൽ ക്രൂരമായ വേട്ടയാടൽ നടക്കുന്നു. ഒരു ചെറിയ വീഴ്ചക്കു പോലും കടുത്ത നടപടിയാണ് ഉണ്ടാവുന്നതെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശങ്ങളുള്ളത്. സ്വന്തം മേലുദ്യോഗസ്ഥനെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. വകുപ്പുതല അന്വേഷണ സമയത്ത് പൊലീസുദ്യോഗസ്ഥർ അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനമാണ്. പല ജില്ലകളിലും പല രൂപത്തിലുള്ള ശിക്ഷണ നടപടിയാണ്. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പ്രവീണിന് പത്തു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകിയ വിവാദമാക്കിയത് വേദനാജനകമാണ്. ഇതേ തുടർന്ന് ജോലിക്കിടെ മരിച്ച ഏഴ് ഉദ്യോഗസ്ഥർക്കുള്ള ധനസഹായം ഇനിയും ലഭിച്ചിട്ടില്ല. വിഴിഞ്ഞത്തിന് പ്രത്യേക സബ് ഡിവിഷനും പൊലീസ് സ്റ്റേഷനും അനുവദിക്കണം. ജോലി ഭാരം കാരണം പൊലീസുകാർക്ക് കടുത്ത മാനസിക സമ്മർദ്ദമാണുള്ളത്. 56 വയസ് എത്തുന്നതിന് മുമ്പ് പലരും മരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം കഴിയാൻ സമയം ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
കൊളോണിയൽ സംസ്കാരം ഇപ്പോഴും പൊലീസിൽ നിലനിൽക്കുന്നു, ചില ഉദ്യോഗസ്ഥർ അത്തരത്തിൽ പെരുമാറുന്നു; പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
