കൊച്ചി: ഇടിച്ചുതെറിപ്പിച്ച ശേഷം ബോണറ്റിലേക്ക് വീണ യുവാവുമായി 400 മീറ്ററോളം ഓടിച്ചു പോയ കാര്‍ ഡ്രൈവര്‍ക്കായുള്ള പോലീസിന്റെ അന്വേഷണം തുടരുന്നു. തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ കൊച്ചി മരോട്ടിച്ചോട് ജംഗ്‌ഷന് സമീപത്ത് വെച്ചായിരുന്നു നിഷാന്തിനെ കാര്‍ ഇടിച്ചത്. ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ യുവാവിനെ ഇടപ്പള്ളി പാതയിലൂടെ വൈറ്റില ഭാഗത്തേക്ക് പോയ കാര്‍ വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വീഴാന്‍ തുടങ്ങിയ നിഷാന്തിനെ കാര്‍ വിണ്ടും ഇടിച്ചതോടെ ഇയാള്‍ ബോണറ്റിലേക്ക് വീണു.
യുവാവ് ബോണറ്റിലേക്ക് വീണെങ്കിലും കാര്‍ നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ല. ബോണറ്റില്‍ വീണ യുവാവുമായി 400 മീറ്ററോളമാണ് കാര്‍ അതിവേഗം സഞ്ചരിച്ചത്. പെട്ടെന്ന് ബ്രേക്ക് ചെയ്‌തപ്പോള്‍ നിഷാന്ത് റോഡിലേക്ക് തെറിച്ചു വീണു. റോഡില്‍ വീണ യുവാവിന്റെ കാലിലൂടെ കാര്‍ കയറിയിറങ്ങി. തുടര്‍ന്ന് കാര്‍ വൈറ്റില ഭാഗത്തേക്ക് ഓടിച്ചു പോയി. നടുവിനും കാലിനും പരുക്കേറ്റ നിഷാന്ത് ആശുപത്രിയില്‍ ചികിത്സ തേടി. നിഷാന്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല.