കോഴിക്കോട് അഞ്ചു ദിവസം മുമ്പ് കാണാതായ മകനെ പിതാവിന് റെയില്‍വേ സ്റ്റേഷനില്‍നിന്ന് അപ്രതീക്ഷിതമായി തിരിച്ചുകിട്ടി. കുട്ടിക്കൊപ്പമുണ്ടായിരുന്ന കാസര്‍കോട് ചെങ്കള വീട്ടില്‍ അബ്ബാസിനെ (47) പൊലീസില്‍ ഏല്‍പ്പിച്ചു.
പുത്തനത്താണിയില്‍ നിന്ന് അഞ്ചു ദിവസം മുമ്പാണ് 15 കാരനെ കാണാതാകുന്നത്. പെരുന്നാള്‍ അവധി കഴിഞ്ഞ് 18നാണ് കുട്ടി താനൂരിലെ വീട്ടില്‍ നിന്നും ഓട്ടോയില്‍ സ്‌കൂളിലേക്കു പോയത്. കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇന്നലെ തെരച്ചിലിന്റെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയതാണ് പിതാവ്. സ്റ്റേഷന് മുന്നില്‍ നില്‍ക്കുമ്പോള്‍ മകന്റെ കൈ പിടിച്ച് ഒരാള്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. അയാളെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ കുട്ടിയേ അവന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോവുകയാണെന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് രക്ഷിതാവ് അയാളെ പിന്തുടരുകയും ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു.
കുട്ടിയെ കണ്ണൂര്‍ മുതല്‍ തിരൂര്‍ വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെയും അബ്ബാസിനെയും കസ്റ്റഡിയിലെടുത്തു.
മുന്‍പരിചയമുള്ള കൂട്ടുകാരന്റെ വീട്ടില്‍ ഒരു ദിവസം തങ്ങിയ ശേഷം തിരിച്ചു കോഴിക്കോട്ടുനിന്നും ട്രെയിനില്‍ താനൂരിലേക്ക് വരുമ്പോഴാണ് കുട്ടിയെ അബ്ബാസ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 18ാം തിയതി കോഴിക്കോട് കൊടുവള്ളിയിലുളള സുഹൃത്തിന്റെ വീട്ടില്‍ എത്തിയ കുട്ടി അവിടെനിന്ന് പിറ്റേ ദിവസം വീട്ടിലേക്ക് പോകുന്ന വഴിയാണ് ട്രെയിനില്‍ വെച്ച് ഇയാള്‍ കടത്തിക്കൊണ്ട് പോയത്. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം കുട്ടിയെ അറിയില്ലെന്നും പിന്നീട് ട്രെയിനില്‍വച്ച് കണ്ടിട്ടുണ്ടെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ മറ്റ് എവിടേയും കേസുകള്‍ ഉള്ളതായോ നേരത്തെ ഏതെങ്കിലും കേസില്‍പ്പെട്ടതായോ വിവരമില്ല.അബ്ബാസിനെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസെടുത്തു.

