കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയില്‍ അര്‍ഷോദയം മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ വെച്ച് കുട്ടിയെ കാണാതായത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. വല്യുമ്മയോടൊപ്പം അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിന്റെ മകളായ 3 വയസ്സുള്ള കുട്ടിയെയാണ് കാണാതായത്. തുടര്‍ന്ന് വല്യൂമ്മ കദീജ ബഹളം വച്ചതിനാല്‍ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. പിന്നീട് നാട്ടുകാരോട് ബന്ധുക്കള്‍ വിവരിച്ചതില്‍ നിന്നും കുടുംബ വഴക്കിനെത്തുടര്‍ന്ന് കുട്ടിയെ സ്വന്തം മാതാവ് കൊണ്ടുപോയതാവാമെന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ചില കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യ സഫ്‌നയുടെ വസതിയില്‍ നിന്നും കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടു വന്നിരുന്നു. ഇതിനെത്തുടര്‍ന്നാവാം ഇത്തരം ഒരു സംഭവം എന്ന് ദൃക്‌സാക്ഷികള്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി
