ആലത്തൂര്‍: എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങിക്കൊടുക്കാനുള്ള തീരുമാനം യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചു . ഇതുവരെ പിരിച്ചെടുത്ത മുഴുവൻ തുകയും തിരിച്ചു നൽകാനാണ് കമ്മറ്റി തീരുമാനം. നേരത്തെ പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയുരുന്നു.
രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ലെന്നും എന്നാല്‍ എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്നാൽ ആദ്യം കാർ സ്വീകരിക്കാൻ സമ്മതം മൂളിയ എം പി രമ്യ ഹരിദാസ്, കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയോടെ തന്റെ നിലപാട് മാറ്റി പിരിച്ചു വാങ്ങിച്ചു നൽകാമെന്ന് പറഞ്ഞ കാർ വേണ്ടായെന്ന് പറഞ്ഞിരുന്നു. പ്രശ്‌നം ഏറെ വിവാദമായതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് തങ്ങളുടെ നിലപാടിൽ നിന്നും പിൻ വാങ്ങിയത്.
യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയായിരുന്നു രമ്യ ഹരിദാസിന് പിരിവിട്ട് കാര്‍ വാങ്ങിക്കൊടുക്കാന്‍ തീരുമാനിച്ചത്. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ടുലക്ഷം രൂപ വീതം പിരിച്ച് ഏഴ് മണ്ഡലങ്ങളില്‍ നിന്നായി 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. ജൂലൈ 25-നകം പിരിവ് പൂര്‍ത്തിയാക്കാന്‍ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കൂടാതെ ഓഗസ്റ്റ് ഒമ്പതിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഹനത്തിന്റെ താക്കോല്‍ കൈമാറുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ സ്വന്തമായി ശമ്പളവും ആനുകൂല്യങ്ങളുമുള്ള എം.പിയ്ക്ക് കാര്‍ വാങ്ങാനായി പ്രവര്‍ത്തകര്‍ പിരിവിടുന്നതിനെതിരെ സാമൂഹ്യമാധ്യമത്തില്‍ വന്‍തോതില്‍ പ്രതിഷേധം രൂപപ്പെട്ടിരുന്നു.