
രാജ്യം ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളോട് ശാസ്ത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സന്ദർശിക്കാൻ മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങൾ അയച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞത് ഒരു ദിവസമെങ്കിലും ശാസ്ത്രജ്ഞനായി സമയം ചെലവഴിക്കൂവെന്നും മോദി പറഞ്ഞു.
‘ചാമ്പ്യൻസ് ട്രോഫി ഇപ്പോൾ നടക്കുകയാണ്. ഞാൻ നിങ്ങളോട് ക്രിക്കറ്റിനെക്കുറിച്ചല്ല ഇപ്പോൾ സംസാരിക്കുന്നത്. പകരം ഇന്ത്യ ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ നേട്ടത്തെക്കുറിച്ചാണ്. കഴിഞ്ഞ മാസം ഇന്ത്യൻ ബഹിരാകാശ സംഘടനയുടെ 100-ാമത് റോക്കറ്റ് വിക്ഷേപണത്തിന് നമ്മൾ സാക്ഷ്യം വഹിച്ചു. അടുത്തിടെയായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിൽ വനിതകളുടെ സ്വാധീനം വർദ്ധിക്കുകയാണ്. ബഹിരാകാശ മേഖല യുവാക്കളുടെ പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്.ജീവിതത്തിൽ ആവേശകരമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ബഹികാരാശം നല്ലൊരു ഓപ്ഷനായി മാറിയിരിക്കുകയാണ്. ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കും. അതിന്റെ ഭാഗമായി നിങ്ങൾ ശാസ്ത്രജ്ഞനായി ഒരു ദിവസം മാറുകയോ അല്ലെങ്കിൽ രാജ്യത്തെ ഏതെങ്കിലും ശാസ്ത്ര കേന്ദ്രം സന്ദർശിക്കുകയോ ചെയ്യണം’- മോദി പറഞ്ഞു.