മലപ്പുറം: അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വർണ്ണമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. അബൂദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷിജിൽ (30) ആണ് 1253 ഗ്രാം സ്വർണ്ണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.
1253 ഗ്രാം 24 കാരറ്റ് സ്വർണ്ണം മിശ്രിത രൂപത്തിൽ 4 കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ അബൂദാബിയിൽ നിന്നും ഇന്ന് 8.30 ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ( IX 348) കരിപ്പൂർ എയർപോർട്ടിലെത്തിയത്. പരിശോധനയെല്ലാം അതിജീവിച്ച് 9.30 മണിക്ക് പുറത്തിറങ്ങിയ ഷിജിലിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. X-ray പരിശോധനയിലാണ് സ്വർണ്ണ മിശ്രിതമടങ്ങിയ കാപ്സ്യൂളുകൾ ദൃശ്യമായത്. ഷിജിലിനെ ചോദ്യം ചെയ്തതിൽ നിന്നും സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.
കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് ഈ വർഷം പോലീസ് പിടികൂടുന്ന 13-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.

