ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടാതെപോയ ഭവനരഹിതര്‍ക്കായി അനുബന്ധ പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി. ഇത്തരക്കാര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇതിലുള്‍പ്പെടാത്ത മറ്റുള്ളവരുടെ പ്രശ്നവും പരിഹരിക്കുമെന്നും കണ്ണൂരില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയായ ഗുണഭോക്താക്കളുടെ ജില്ലാതലസംഗമത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
മൂന്നുതരം ഗുണഭോക്താക്കളാണ് ലൈഫ് പദ്ധതിയില്‍. നേരത്തേയുള്ള പദ്ധതികളില്‍ സഹായം ലഭിച്ച്, പല കാരണങ്ങളാല്‍ നിര്‍മാണം ഇടയ്ക്കുവച്ചു നിന്നുപോയവര്‍ക്കാണ് ആദ്യ പരിഗണന. 54,183 പേരാണ് ഈ ഗണത്തില്‍ വരുന്നത്. ഇതില്‍ 96 ശതമാനം വീടുകളും ഇതിനകം പൂര്‍ത്തിയായി.
സ്ഥലമുണ്ടെങ്കിലും വിടില്ലാത്തവരെയാണ് രണ്ടാം ഘട്ടത്തില്‍ പരിഗണിച്ചത്. 91,147 ഗുണഭോക്താക്കളില്‍ 60,524 പേരുടെ വീടുകള്‍ (66.3 ശതമാനം) പൂര്‍ത്തിയായി.
സ്ഥലവും വീടുമില്ലാത്തവര്‍ക്കായാണ് മൂന്നാംഘട്ടം. ഒരു ലക്ഷത്തിലേറെ ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നത്. ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. പത്തു ഫ്ളാറ്റ് സമുച്ചയങ്ങളുടെ ടെന്‍ഡറായി. 56 എണ്ണത്തിന്റെ പദ്ധതിരേഖ തയ്യാറായിവരുന്നു. ഫെബ്രുവരിയില്‍ പ്രവൃത്തി തുടങ്ങാനാകും. കേന്ദ്രാവിഷ്‌കൃത ഭവന പദ്ധതിയും ഇപ്പോള്‍ ലൈഫ് പദ്ധതിയുടെ ഭാഗണെന്നും മുഖ്യമന്ത്രി പറഞ്ഞു.

