അഖിലേന്ത്യാ സഹകരണ വാരാഘോഷം സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന്
നവംബർ 14 മുതൽ 20വരെ നടക്കുന്ന അറുപത്തിയെട്ടാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് (സെപ്റ്റംബർ 23) തിരുവനന്തപുരത്ത് ചേരും. വൈകുന്നേരം മൂന്ന് മണിക്ക് കിഴക്കേക്കോട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേരുന്ന യോഗം സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷണൻ നായർ അദ്ധ്യക്ഷത വഹിക്കും.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹ്, ജോയിന്റ് രജിസ്ട്രാർ നിസാമുദ്ദീൻ, പ്രമുഖ സഹകാരികൾ എന്നിവർ സംബന്ധിക്കും. നവംബർ 14 ന് തിരുവനന്തപുരത്ത്്് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വാരാഘോഷത്തിന്റെ നടത്തിപ്പിനായി സഹകാരികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട വിവിധ കമ്മിറ്റികൾക്ക് രൂപം നല്കും.
37.61 കോടി രൂപയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടി രൂപയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം 23-ന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി ആകെ 213 ആരോഗ്യ സ്ഥാപനങ്ങളിൽ 56.59 കോടി രൂപയുടെ ഉദ്ഘാടനമാണ് നടത്തിയത്. 5.5 കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ രണ്ട് പുതിയ ഐ.സി.യുകൾ, പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 19.93 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടം, 10 കോടി രൂപയുടെ കോന്നി ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി, ആദ്യ 1000 ദിന പരിപാടി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
മൂന്നാം തരംഗം മുന്നിൽ കണ്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 100 ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കിയത്. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 7, 8 വാർഡുകൾ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം ഒരുക്കിയത്. ഓരോ വാർഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റൻസി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനമുള്ള സെൻട്രൽ സക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ വെന്റിലേറ്റർ ഘടിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. ഈ ഐ.സി.യു.കൾക്കായി ആദ്യഘട്ടത്തിൽ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതിൽ ഒമ്പത് വെന്റിലേറ്ററുകൾ സ്ഥാപിച്ചു.
കോട്ടയം പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 19.93 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗം, ഒബ്സർവേഷൻ റൂം, രണ്ട് ഐ.പി വാർഡുകൾ, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഒ.പി വിഭാഗം, പാലിയേറ്റീവ് കെയർ യൂണിറ്റ്, എക്സറേ, ഇ.സി.ജി യൂണിറ്റുകൾ, ഫിസിയോതെറാപ്പി യൂണിറ്റ്, ആർ.എൻ.റ്റി.സി.പി ഡോട്ട് യൂണിറ്റ്, ഫാർമസി, ലാബ് സൗകര്യങ്ങൾ കൂടാതെ ഭരണവിഭാഗം, പബ്ലിക് ഹെൽത്ത് വിഭാഗം എന്നിവ പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിശാലമായ കോൺഫറൻസ് ഹാളും, ലിഫ്റ്റ് സൗകര്യവും ആധുനിക ഫയർ ആന്റ് സേഫ്റ്റി സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പൈക ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മികച്ച സേവനം ലഭിക്കും.
പത്തനംതിട്ട കോന്നിയിൽ 10 കോടി രൂപ മുടക്കി സജ്ജമാക്കിയ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണിത്. 15,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ലബോറട്ടറി പ്രവർത്തനക്ഷമമാക്കുന്നതോടെ പ്രതിവർഷം ഏകദേശം 4500 മരുന്നുകൾ പരിശോധിക്കാൻ സാധിക്കും. സംസ്ഥാനത്ത് മൊത്തം പ്രതിവർഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വർദ്ധിക്കും. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.
11 ഐ.സി.ഡി.എസ്. പ്രോജക്ടുകളിൽ സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുകയാണ്. പുതിയ 17 പ്രോജക്ടുകൾ ഉൾപ്പെടെ എല്ലാ ജില്ലകളിലുമായി ആകെ 28 പ്രോജക്ടുകളിലാണ് പരിപാടി വ്യാപിപ്പിക്കുന്നത്. ഗർഭാവസ്ഥയിലായിരിക്കുമ്പോൾ മുതൽ കുട്ടിയ്ക്ക് രണ്ട് വയസ് തികയുന്നതു വരെയുള്ള ആദ്യ ആയിരം ദിനങ്ങൾ അതീവ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും ആ ദിനങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും. 2.18 കോടിയുടെ പദ്ധതിയാണിത്. ഒരു സ്ത്രീ ഗർഭിണിയാകുന്ന നാൾ മുതൽ അങ്കണവാടി പ്രവർത്തകരും ഐ.സി.ഡി.എസ്. സൂപ്പർവൈസർ, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥരും നിശ്ചിത ഇടവേളകളിൽ ഗുണഭോക്താക്കളുടെ ഭവന സന്ദർശനം നടത്തിയാണ് ഇടപെടലുകൾ നടത്തുന്നത്.
പോളിടെക്‌നിക് ഡിപ്ലോമ: അവസാന അലോട്ട്‌മെന്റ് ലിസ്റ്റ്
സർക്കാർ, സർക്കാർ എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കേപ്പ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതു പ്രകാരം അഡ്മിഷൻ ലഭിച്ചിരിക്കുന്ന എല്ലാവരും അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ പ്രവേശിക്കണം. മൂന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ 28ന് വൈകിട്ട് നാലുമണിക്ക് മുമ്പ് അഡ്മിഷൻ എടുക്കണം.
എം.ടെക് പ്രവേശനം
2021-2022 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിന് 23 മുതൽ 30 വരെ അപേക്ഷിക്കാം. www.admissions.dtekerala.gov.in, www.dtekerala.gov.in എന്നിവ വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
സ്‌കോളർഷിപ്പിന് ഒക്‌ടോബർ 10 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിൽ ഓൺലൈനായി ഒക്‌ടോബർ 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി (ഫോൺ: 0471-2727378, 0471-2727379) ബന്ധപ്പെടണം.
മാലിന്യ നിർമാർജനം: കൺട്രോൾ സെൽ രൂപീകരിച്ചു
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഡയറക്ടറേറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ശ്രദ്ധയിൽപ്പെടുന്ന പരാതികളിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ പരിഹരിക്കുവാൻ കഴിയാത്ത പരാതിയും, അവയുടെ ഫോട്ടോകൾ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ നമ്പറിൽ വാട്‌സ് ആപ്പ് ചെയ്യാം.
തിരുവനന്തപുരം, കൊല്ലം: സുഭാഷ്. എസ്, അക്കൗണ്ട്‌സ് ഓഫീസർ, 9446556795. പത്തനംതിട്ട, ആലപ്പുഴ, വയനാട്: ജോസ്‌നാമോൾ. എസ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ (വികസനം), 9496380419. കോട്ടയം, ഇടുക്കി, എറണാകുളം: എം.പി. അജിത്ത് കുമാർ, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ, 9447872703. തൃശ്ശൂർ, പാലക്കാട്, കാസർകോട്: ഹരികൃഷ്ണൻ.ജി, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, 7907344705. കോഴിക്കോട്, മലപ്പുറം, കണ്ണൂർ: ബിനുൻ വാഹിദ്, ജോയിന്റ് ഡയറക്ടർ (ഭരണം), 9447894655.

