കോഴിക്കോട് : ഓഗസ്റ്റ് എട്ടിന് ആരംഭിച്ച പ്രളയത്തില്‍ ജില്ലയിലെ ക്ഷീര വികസനവകുപ്പിന് 6.35 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്. 21 പശുക്കള്‍, 7 കിടാരികള്‍, 24 കന്നുകുട്ടികള്‍ എന്നിവ ചത്തു. 165 കാലിത്തൊഴുത്തുകള്‍ പൂര്‍ണമായും 722 എണ്ണം ഭാഗികമായും നശിച്ചു. ഇതോടൊപ്പം ക്ഷീര സംഘങ്ങളിലെ ഉപകരണങ്ങള്‍ നശിച്ചതും കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായതും നഷ്ടത്തിന്റെ ആക്കം കൂട്ടി. 50 കി.ഗ്രാമിന്റെ 11261 പാക്ക് കാലിത്തീറ്റയും 108345 കി.ഗ്രാം വൈക്കൊലും നശിച്ചു. 242.5 ഹെക്ടര്‍ തീറ്റപ്പുല്‍ കൃഷിയും പൂര്‍ണമായും നശിച്ചു. ക്ഷീരസംഘങ്ങളിലെ പാല്‍ സംഭരണത്തില്‍ 38.28 ലക്ഷത്തിന്റെ കുറവുണ്ടായി.
ഉല്‍പ്പാദന മേഖലയില്‍ ജീവനോപാധിക്കായി ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആശ്രയിക്കുന്നത് പശുവളര്‍ത്തലാണ്. കന്നുകാലി സമ്പത്ത് സംരക്ഷിക്കുന്നതിനും അവരുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും പാല്‍ സംഭരണം സുഗമമാക്കുന്നതിനും ദുരന്തവുമായി ബന്ധപ്പെട്ട കണക്കുകള്‍ ശേഖരിക്കുന്നതിനും, വിവിധ സ്രോതസ്സുകളില്‍ നിന്നും വിഭവങ്ങള്‍ കണ്ടെത്തുന്നതിനും, ജില്ലാതലത്തില്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രളയക്കെടുതി സംബന്ധിച്ച് ജില്ലയില്‍ ഡയറി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍ രൂപീകരിക്കുകയും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.