
കടല്‍ മണല്‍ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഏപ്രില്‍ 21 മുതല്‍ 29 വരെ തീരദേശ സമരയാത്രയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ ഏപ്രില്‍ 4-5 തീയതികളില്‍ രാപ്പകല്‍ സമരവും, വന്യമൃഗ ആക്രമത്തിനെതിരെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകള്‍ക്കു മുന്‍പില്‍ ഏപ്രില്‍ 10 ന് പ്രതിഷേധ മാര്‍ച്ചും നടത്താന്‍ യു.ഡി.എഫ്. തീരുമാനിച്ചതായി കണ്‍വീനര്‍ എം.എം.ഹസ്സന്‍ കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തീരദേശം വറുതിയിലാണ്. മത്സ്യത്തൊഴിലാളികള്‍ തൊഴില്‍രഹിതരും, പട്ടിണിക്കാരുമായി മാറിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യ മേഖല രൂക്ഷമായ പ്രതിസന്ധിയെ നേരിടുമ്പോഴാണ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര ഗവണ്‍മെന്റ് നടപടികളുമായി മുന്നോട്ടു പോകുന്നത്. സാമൂഹികമായും, സാമ്പത്തികമായും, പാരിസ്ഥിതികമായും കേരളത്തെ അപകടത്തിലാക്കുന്ന കടല്‍ ഖനനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയേ തീരുവെന്നും എംഎം ഹസ്സന്‍ പറഞ്ഞു.
കേരള സര്‍ക്കാര്‍ കടല്‍ മണല്‍ ഖനനത്തിനെതിരെ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം. നിയമസഭയില്‍ പ്രമേയം വന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാടിനു വഴങ്ങിയാണ് പ്രമേയം പാസ്സായതെങ്കിലും കൊല്ലം തീരത്ത് സര്‍വ്വേയ്ക്കു വന്ന കേന്ദ്ര ഖനന മന്ത്രാലയത്തിന് ധനസഹായം നല്‍കി പ്രോത്സാഹിപ്പിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ്.പത്തുലക്ഷം മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന കടല്‍ മണല്‍ ഖനനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഏപ്രില്‍ 21 മുതല്‍ ഏപ്രില്‍ 29 വരെ നടത്തുന്ന തീരദേശ സമരയാത്ര കാസര്‍ഗോഡ് നെല്ലിക്കുന്ന് കടപ്പുറത്ത് നിന്നും ആരംഭിച്ച് ഏപ്രില്‍ 29 ന് വിഴിഞ്ഞം കടപ്പുറത്ത് സമാപിക്കും.
ഏപ്രില്‍ 22 ന് കണ്ണൂര്‍ ജില്ലയിലും, 23 ന് കോഴിക്കോട് ജില്ലയിലും, ഏപ്രില്‍ 24 ന് മലപ്പുറം ജില്ലയിലും, 25 ന് തൃശൂര്‍ ജില്ലയിലും, 26 ന് എറണാകുളം ജില്ലയിലും, 27 ന് ആലപ്പുഴ ജില്ലയിലും, 28 ന് കൊല്ലം ജില്ലയിലുമാണ് തീരദേശ യാത്ര സഞ്ചരിക്കുന്നത്. യാത്രക്ക് പ്രതിപക്ഷനേതാവ് നേതൃത്വം നല്‍കും. യു.ഡി.എഫിന്റെ പ്രമുഖരായ എല്ലാ നേതാക്കളും പങ്കെടുക്കും.മത്സ്യത്തൊഴിലാളികള്‍ക്ക് ഇതര സംസ്ഥാനങ്ങളിലേതുപോലെ ഇന്ധന സബ്സിഡി നല്‍കുക, കടലാക്രമണത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.തീരദേശ ഹൈവേയിലൂടെ റോഡു വികസിപ്പിക്കുന്നതിന് യു.ഡി.എഫ്. എതിരല്ലെങ്കിലും, സൈക്കിള്‍ ട്രാക്കോടുകൂടിയ തീരദേശ ഹൈവേയെ യു.ഡി.എഫ്. അനുകൂലിക്കുന്നില്ല. തീരദേശ ഹൈവേയ്ക്കുവേണ്ടി കുടി ഒഴിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളെ തീരദേശത്ത് തന്നെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് യു.ഡി.എഫ് നിലപാടെന്നും എംഎം ഹസ്സന്‍ വ്യക്തമാക്കി.

