
ആലപ്പുഴയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ഭാര്യയ്ക്കും ആൺസുഹൃത്തിനുമെതിരെ കേസെടുക്കും.
കഴിഞ്ഞ ഒക്‌ടോബറിലാണ് പുന്നപ്ര ഷജീന മൻസിലിൽ റംഷാദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരുമകൾ സമീനയ്ക്കും യുവതിയുടെ ആൺസുഹൃത്ത് മനോജിനും സമീനയുടെ മാതാവിനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് റംഷാദിന്റെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.സമീനയ്ക്കും മനോജിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരിക്കുന്നത്. മനോജുമായുള്ള സൗഹൃദത്തെച്ചൊല്ലി മകനും ഭാര്യയും തമ്മിൽ പതിവായി തർക്കങ്ങളുണ്ടാകാറുണ്ടെന്ന് റംഷാദിന്റെ പിതാവ് ആരോപിച്ചു.ഇരുവരുടെയും സൗഹൃദം ചോദ്യം ചെയ്തതിന് പിന്നാലെയുണ്ടായ മാനസിക പീഡനത്തെത്തുടർന്നാണ് റംഷാദ് ആത്മഹത്യ ചെയ്തതെന്നും ഹർജിയിൽ പറയുന്നു. 2020ലായിരുന്നു സമീനയും റംഷാദും വിവാഹിതരായത്.