കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ കേസെടുത്ത് സിബിഐ; കേസ് 5.62 ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതിനാല്‍

0
208

കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. യുകെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലറ്റിക്ക ഫേസ്ബുക്ക് ഉപയോഗിക്കുന്ന 5.62 ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഗ്ലോബല്‍ സയന്‍സ് റിസേര്‍ച്ച് കമ്പനിക്കെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്. ലോകത്തെ അഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ കമ്പനി അനധികൃതമായി ശേഖരിച്ചെന്ന് കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുന്‍ ജീവനക്കാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തലും പുറത്ത് വന്നിരുന്നു. മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയിലാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ചുകോടി ആളുകളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.

എന്നാല്‍ ആരോപണം കോണ്‍ഗ്രസ് തള്ളിയിരുന്നു. നേരത്തെ, ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്കക്കും ഫേസ്ബുക്കിനും കേന്ദ്രസര്‍ക്കാര്‍ നേട്ടീസ് അയച്ചിരുന്നു. എത്ര പേരുടെ വിവരം ചോര്‍ന്നു എന്ന് മാത്രമല്ല അറിയേണ്ടതെന്നും എന്തൊക്കെ വിവരങ്ങള്‍ ചോര്‍ത്തി, അവ എങ്ങനെ ഉപയോഗിച്ചു എന്നു കൂടി അറിയണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.

LEAVE A REPLY

Please enter your comment!
Please enter your name here